പനാജി (ഗോവ): രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തില്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം, കള്ളനോട്ട് എന്നിവയ്ക്ക് പുറമേ ബിനാമി സ്വത്തുക്കള്‍ക്കെതിരെയും നടപടികള്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിനാമി സ്വത്തുക്കള്‍ സ്വരുക്കൂട്ടിയവര്ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ ആരംഭിക്കാന്‍ പോകുന്നു, മോദി പറഞ്ഞു.
കള്ളപ്പണത്തിനെതിരായ നടപടികളിലെ അവസാന നടപടിയല്ല നോട്ടുകള്‍ പിന്‍വലിച്ചത്. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. എനിക്കെതിരെയുള്ള ശക്തികളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അവരെന്നെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കിലും കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ച് അവര്‍ ഉണ്ടാക്കിയതെല്ലാം ഞാന്‍ പിടികൂടും. ഞാന്‍ തയ്യാറായിത്തന്നെയാണ്, പ്രധാനമന്ത്രി പറഞ്ഞു.
ബിനാമി സ്വത്തുകള്‍ക്കെതിരെ ആരംഭിക്കുന്ന നടപടികള്‍ രാജ്യത്തുനിന്നും കള്ളപ്പണം ഇല്ലാതാക്കാനുള്ള യജ്ഞത്തിന് ശക്തിപകരും. ഇന്ത്യയില്‍ നിന്നും കൊള്ളയടിച്ച പണം തിരികെ എത്തിക്കുകയെന്നത് തന്റെ ദൗത്യമാണ്.
രാജ്യത്തിന് വേണ്ടിയാണ് വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്. 2014ല്‍ പ്രധാനമന്ത്രി പദത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ് അഴിമതി വിമുക്ത ഇന്ത്യ എന്നത്. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ കള്ളപ്പണക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്.
2ജി അഴിമതിയും കല്‍ക്കരി അഴിമതിയും നടത്തിയവര്‍ 4,000 രൂപ മാറാന്‍ ബാങ്കിന് മുന്നില്‍ വരി നില്‍ക്കേണ്ട അവസ്ഥയിലെത്തിയെന്ന് രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. 70 വര്‍ഷം പഴയ അസുഖത്തെ 17 മാസം കൊണ്ട് ഞാന്‍ എടുത്തു മാറ്റാന്‍ പോവുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരും. ഇതിനായി ഒരുലക്ഷം യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.
കള്ളപ്പണക്കാരും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും വിചാരിച്ചിരിക്കുന്നത് എന്റെ തലമുടിയില്‍ പിടിച്ചു വലിച്ചാല്‍ ഞാന്‍ നിന്നോളും എന്നാണ്. എന്നെ ജീവനോടെ കത്തിച്ചാല്‍ പോലും നടപടികളില്‍ നിന്നും പിന്മാറില്ല. ആരെയും ഭയപ്പെടുന്നില്ല. പത്തുമാസം മുമ്പാരംഭിച്ച രഹസ്യ ഓപ്പറേഷനായിരുന്നു നോട്ട് നിരോധിച്ച നടപടി. രാജ്യത്തെ ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണം. ഡിസംബര്‍ 30ന് മുമ്പായി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. നിങ്ങള്‍ ആഗ്രഹിച്ച ഭാരതത്തെ നിങ്ങള്‍ക്ക് സമ്മാനിക്കും. അതിന് സാധിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് എന്നെ തൂക്കിക്കൊല്ലാം, നരേന്ദ്രമോദി പറഞ്ഞു.
നോട്ടുകള്‍ നിരോധിച്ചതില്‍ ജനങ്ങള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളില്‍ നിങ്ങളേക്കാള്‍ വേദന എനിക്കുണ്ട്. കാരണം ഞാന്‍ യുദ്ധം ആരംഭിച്ചത് സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയാലാണ്. നിങ്ങളുടെ ശക്തിയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നിങ്ങളിന്ന് അനുഭവിക്കുന്ന വേദന നാളത്തെ ഇന്ത്യയുടെ ഭാവിക്ക് പ്രയോജനകരമായിത്തീരുമെന്ന് ഞാന്‍ വാക്കുനല്‍കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പാര്‍ലമെന്റംഗങ്ങളായിരുന്നു. നോട്ടു നിരോധിച്ച് നടപടി ആരംഭിച്ചതോടെ പലര്‍ക്കും ഉറക്കഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെട്ട അമ്മമാരുടെ അക്കൗണ്ടുകളില്‍ പോലും പലരും രണ്ടരലക്ഷം രൂപ ഇടുന്നു. കള്ളപ്പണത്തിനെതിരായ നടപടികള്‍ വിജയകരമാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: