വല്ലപ്പോഴും പ്രത്യേക വിമാനങ്ങളോ വിവിഐപി വിമാനങ്ങളോ മാത്രമാണ് 2010 ല്‍ ഉദ്ഘാടനം കഴിഞ്ഞ മൈസൂരിലെ മണ്ടകല്ലി വിമാനത്താവളത്തിലെത്തുന്നത്. ആറ് മാസമായി, പക്ഷേ, മൈസൂര്‍ വിമാനത്താവളം സജീവമായിരുന്നു.
ഒരു യൂറോപ്യന്‍ പ്രത്യേക വിമാനം എല്ലാ രാത്രിയിലും ഈ വിമാനത്താവളത്തില്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്തുകൊണ്ടിരുന്നു. ചന്ദനത്തിന്റെയും പട്ടിന്റെയും മണമുള്ള കര്‍ണാടകത്തിന്റെ രാജനഗരി ഇതൊന്നും ശ്രദ്ധിച്ചില്ല. ഇവിടെനിന്ന് കയറ്റുന്ന പെട്ടികളില്‍ എന്താണെന്നും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഒരു സൂചനയുമുണ്ടായിരുന്നില്ല. ഇരുട്ടിവെളുക്കുംമുമ്പ് അതിനിര്‍ണായകമായ ഒരു തീരുമാനമെടുക്കാനും അത് പ്രാബല്യത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുന്ന ദൗത്യമായിരുന്നു ആ യൂറോപ്യന്‍ വിമാനത്തിന്റേത്. പ്രധാനമന്ത്രിയുടെ രണ്ടാം മിന്നലാക്രമണത്തിനുള്ള കളമൊരുക്കമായിരുന്നു ആറുമാസവും അവിടെ നടന്നത്.
മൈസൂരുവിലെ റിസര്‍വ് ബാങ്ക് പ്രസില്‍ നിന്ന് അച്ചടിച്ച പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മറ്റ് പ്രധാന ശാഖകളിലെത്തിക്കുന്ന പ്രവര്‍ത്തനം ആറുമാസമായി പുരോഗമിക്കുകയായിരുന്നു. മണ്ടകല്ലിയിലെ ചെറിയ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുമ്പോള്‍തന്നെ പെട്ടികള്‍ നിറച്ച ട്രക്കുകളെത്തുകയും അവയുമായി നിമിഷങ്ങള്‍ക്കകം വിമാനം പറന്നുയരുകയുമായിരുന്നു.
രാജ്യത്തിന്റെ സാമ്പദ്വ്യവസ്ഥയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ചാണ് മൈസൂരിലെ റിസര്‍വ് ബാങ്കിന്റെ കറന്‍സി നോട്ട് പ്രിന്റിംഗ് പ്രസ് അതീവരഹസ്യമായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയത്. മൈസൂരില്‍ വിമാനത്താവളനിര്‍മ്മാണം നടക്കുമ്പോള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബെംഗലൂരുവില്നിന്ന് മൂന്ന് മണിക്കൂര്‍ മാത്രം യാത്രചെയ്താല്‍ മൈസൂരിലെത്താമെന്നിരിക്കെ എന്തിനാണ് മറ്റൊന്ന് എന്നായിരുന്നു ചോദ്യം.
കേന്ദ്രസര്‍ക്കാരിന് ഏറ്റവും തന്ത്രപ്രധാനമായ തീരുമാനം ആളൊഴിഞ്ഞ മൈസൂര്‍ വിമാനത്താവളത്തോളം സുരക്ഷിതമായ മറ്റൊരിടത്തെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ടിവന്നില്ല. ലോകത്തിലെതന്നെ ഏറ്റവും നല്ല കറന്‍സി പ്രിന്റിംഗ് പ്രസാണ് റിസര്‍വ് ബാങ്കിന്റെ മൈസൂരിലെ പ്രസ്. ആയിരം രൂപയുടെ അച്ചടി നടന്നതും ഇവിടെയായിരുന്നു. പ്രസിന്റെ ചുറ്റുവട്ടത്ത് തന്നെ കറന്‍സി പേപ്പര്‍ ഉല്പാദന യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെയാണ് സുരക്ഷാസംവിധാനങ്ങള്‍ക്ക് അനുസരിച്ച് കറന്‍സി പേപ്പര്‍ നിര്‍മിക്കുന്നത്. ഈ അനുകൂല സാധ്യതകളും തിരക്കില്ലാത്ത വിമാനത്താവളവും സാധ്യതയാക്കി പ്രവര്‍ത്തിക്കാന്‍ മോദി തീരുമാനിച്ചപ്പോള്‍ മുംബൈയിലെയും ദല്‍ഹിയിലേയും ഉള്‍പ്പെടെയുള്ള റിസര്‍വ് ബാങ്കിന്റെ ശാഖകളിലേക്ക് രണ്ടായിരത്തിന്റെ നോട്ടുകളെത്തിത്തുടങ്ങി. ആറ് മാസത്തെ പ്രയത്നത്തിനൊടുവില്‍ ഒറ്റ രാത്രികൊണ്ടൊരു പ്രഖ്യാപനം നടത്തി രാജ്യത്തെ ഒരേസമയം അമ്പരിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: