കൊച്ചി: മലയാളി താരം സി.കെ. വിനീത് ടീമിലെത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കാലക്കേടും മാറി. ഗോവയ്ക്കെതിരെ വിജയ ഗോള്‍ നേടിയ വിനീത്, ഇന്നലെ ഇരട്ട ഗോളിലൂടെ ചെന്നൈയിന് എഫ്സിയെ തരിപ്പണമാക്കി. നാല് മിനിറ്റിനിടെ വിനീതിന്റെ ഗോളുകള്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ബ്ലാസ്റ്റേഴ്സ് മൂന്നെണ്ണമടിച്ച് ജയം കണ്ടത്. വിനീതാണ് ഹീറോ ഓഫ് ദി മാച്ച്. വിജയത്തോടെ 10 കളികളില്‍ 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ചെന്നൈയിന് 22ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഡിയിലൂടെ മുന്നിലെ ത്തി. ആദ്യ പകുതി ഈ ലീഡില്‍ അവസാനിച്ചു. രണ്ടാമത്തേതില്‍ വര്‍ധിത വീര്യത്തോടെ ആഞ്ഞടിച്ച ബ്ലാസ്റ്റേഴ്സ്, 66ാം മിനിറ്റില്‍ ദിദിയര്‍ കാദിയൊയിലൂടെ ഒപ്പം. അവസാന പത്ത് മിനിറ്റില്‍ ജയത്തിനായി പൊരുതിയ ബ്ലാസ്റ്റേഴ്സിനായി 84, 89 മിനിറ്റുകളില്‍ വിനീത് സ്കോര്‍ ചെയ്തു. 4-3-1-2 ശൈലിയില്‍ മുഹമ്മദ് റാഫിക്ക് പകരം വിനീതിനെ ആദ്യ പതിനൊന്നില്‍ കളിപ്പിക്കാനുള്ള സ്റ്റീവ് കൊപ്പലിന്റെ തീരുമാനം ശരിയായി.
റാഫേല്‍ അഗസ്റ്റൂസോ നല്കിയ പാസ് സ്വീകരിച്ച് ഒറ്റക്കു മുന്നേറിയാണ് മെന്‍ഡി സന്ദര്‍ശകര്‍ക്ക് ലീഡ് നല്‍കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൈക്കല്‍ ചോപ്രക്ക് പകരം ദിദിയര്‍ കാഡിയോയെ കളത്തിലിറക്കിയത് വഴിത്തിരിവായി. അന്റോണിയോ ജര്‍മ്മന്‍ ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ചശേഷം ഷോട്ട് ഉതിര്‍ക്കാതെ പന്ത് പോസ്റ്റിന് മുന്നിലേക്ക് നല്കി. തക്കം പാര്‍ത്തിരുന്ന കാഡിയോ മികച്ചൊരു ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ച് ആതിഥേയര്‍ക്ക് സമനില നല്കി.
തുടര്‍ന്ന് മെക്സിക്കന്‍ തിരമാല കണക്കെ ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. വിനീതിന്റെ തകര്‍പ്പന്‍ കാര്‍പ്പറ്റ് ഡ്രൈവ്. ഹോസു ഇടതുവിങ്ങില്‍ നിന്ന് ഉയര്‍ത്തി നല്കിയ ക്രോസ് ചെന്നൈയിന് ഗോളി കുത്തിയിട്ടെങ്കിലും തൊട്ടുമുന്നിലുണ്ടായിരുന്ന വിനീത് പായിച്ച മിന്നുന്ന ഷോട്ടിന് മറുപടിയുണ്ടായില്ല. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ വീനിതിന്റെ മറ്റൊരു സുന്ദരന്‍ ഗോള്‍. നീട്ടിക്കിട്ടിയ പന്തുമായി കുതിച്ചു കയറിയ വിനീത് അഡ്വാന്‍സ് ചെയ്ത് റത്തേക്ക് കയറിവന്ന ചെന്നൈയിന് ഗോളിയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: