ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിക്കുന്നതുവഴി കള്ളപ്പണം തടയാമെന്ന ധനമന്ത്രി ചിദംബരത്തിന്റെ പദ്ധതി പാവങ്ങളെ ദ്രോഹിക്കാനേ ഉതകൂ എന്നു ബിജെപി. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ള വന്‍ ഇന്ത്യന്‍ വ്യാജനിക്ഷേപം കണ്ടുകെട്ടാന്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ലെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
ഒരു ദശകത്തില്‍ പി.ചിദംബരം ധനകാര്യമന്ത്രിയായിരുന്ന ഏഴുവര്‍ഷം സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അവസരങ്ങള്‍ പാഴാക്കിക്കളഞ്ഞ നാളുകളാണെന്ന് അവര്‍ പറഞ്ഞു. എന്‍ഡിഎ ഭരണകാലത്ത് 8.4 ശതമാനമായിരുന്ന ജിഡിപി യുപിഎ കാലത്ത് 4.8 ശതമാനമായി കുറഞ്ഞു. നിര്‍മാണം, കൃഷി, സേവന അടിസ്ഥാന സൗകര്യ വികസന മേഖലകള്‍ നയവൈകല്യം കൊണ്ട് രോഗം ബാധിച്ചിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് നയങ്ങള്‍ മാത്രമായി. ഊര്‍ജപ്രതിസന്ധി രാജ്യത്തെ വമ്പിച്ച ധനക്കമ്മിയിലെത്തിച്ചു.
സാമ്പത്തിക രംഗത്തെ ആകെ ഉലച്ചുകൊണ്ട് എന്‍പിഎ 1.5 ലക്ഷം കോടിയായി. 2005 ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള തീരുമാനം വിദേശത്തുള്ള ഇന്ത്യന്‍ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനു പകരമുള്ള തട്ടിപ്പാണ്. 2005 ന് മുമ്പുള്ള ചില നോട്ടുകളാണ് പിന്‍വലിക്കുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തുള്ള കള്ളപ്പണം എത്രയാണെന്ന് കണക്കാക്കാനോ വെളിപ്പെടുത്താനോ ഈ സര്‍ക്കാരിനാവുന്നില്ല, ലേഖി പറഞ്ഞു.
സാധാരണ സ്ത്രീകള്‍ക്കും മറ്റും ബാങ്ങ് അക്കൗണ്ടുകളോ സമ്പാദ്യ പദ്ധതികളോ ഇല്ല. ഇന്ത്യയില്‍ 65 ശതാനം പേര്‍ക്കും ബാങ്കൗണ്ടില്ല. അവര്‍ പണം കൈവശം വക്കുകയാണ്. അവര്‍ നിരക്ഷരരും പാവങ്ങളും ഉള്‍ഗ്രാമപ്രദേശങ്ങളില്‍ കഴിയുന്നവരുമാണ്. അവരാണ് ഈ പദ്ധതി പ്രകാരം ഇടനിലക്കാരുടെ ചൂഷണത്തിനിരയാകാന്‍ പോകുന്നത്. ഒന്നുകില്‍ ഇടനിലക്കാര്‍ ഇവരെ പൂര്‍ണമായി കബളിപ്പിക്കും, അല്ലെങ്കില്‍ പണം മാറ്റിയെടുക്കാന്‍ വിഹിതം പറ്റും. ഏപ്രില്‍ ഒന്നു കഴിഞ്ഞാല്‍ അവരെ കടക്കാര് കബളിപ്പിക്കും. പഴയ നോട്ടുകള്‍ക്ക് മുഴുവന്‍ മൂല്യവും നല്‍കില്ല, ബിജെപി വക്താവ് പറഞ്ഞു.
കള്ളപ്പണം പിടിച്ചെടുക്കുന്നതിന് ഈ സര്‍ക്കാര്‍ ഒരു നടപടിയും ആത്മാര്‍ത്ഥമായി ചെയ്യുന്നില്ലെന്നു മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി (എന്‍ഐപിഎഫ്പി), നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് (എന്‍ഐഎഫ്എം) എന്നീ സമിതികള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.
പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. ഈ മൂന്നു സമിതികളുടേയും പ്രവര്‍ത്തനം സംബന്ധിച്ച് ഒരു വിവരവും കേള്‍ക്കാനില്ല. 2011 മാര്‍ച്ച് മാസം രൂപീകരിച്ച കമ്മറ്റികളുടെ കാലാവധി 18 മാസമായിരുന്നു. അതേസമയം വിദേശത്തെ കള്ളപ്പണത്തിന്റെ കാര്യത്തില്‍ അന്വേഷണത്തിന് പ്രത്യേകാന്വേഷണ സംഘം രൂപീകരിക്കാനുള്ള സുപ്രീംകോടതി നീക്കത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു, അവര്‍ പറഞ്ഞു.
ഇതിന് മുമ്പ് നോട്ടുകള്‍ ആര്‍ബിഐ വലിച്ചത് 1978 ലാണ്. അന്ന് 1,000, 5,000, 10,000 പിന്‍വലിച്ചു. പിന്നീട് 1980 ലും 87 ലും പിന്‍വലിക്കുകയുണ്ടായി. അന്ന് 500 രൂപ അവതരിപ്പിച്ചു. പുതിയ നടപടി എത്ര നോട്ടുകളെ ബാധിക്കും, അതില്‍ എത്രത്തോളം ഗ്രാമങ്ങളില്‍ , എത്രത്തോളം നഗരങ്ങളില്‍ എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആര്‍ബിഐ തയ്യാറാക്കണം. അത് പാവപ്പെട്ടവരില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെ സംബന്ധിച്ചും ആര്‍ബിഐ പഠനം നടത്തണം.
ചിദംബരത്തിന്റെ ഈ നയം കോടിക്കണക്കിന് വരുന്ന പാവങ്ങള്‍ക്കുവേണ്ടിയല്ല, ആഢ്യന്മാര്ക്കായാണ്. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ ഈ തീരുമാനം ബാധിക്കില്ല, മറിച്ച് ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടു പോലുമില്ലാത്തവരെയാണ് ബാധിക്കുകയെന്നും ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: