വേദാന്തദര്‍ശനത്തില്‍ പ്രജ്ഞ എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് വസ്തു ഉള്‍പ്പെടെയുള്ള എല്ലാ ആവിഷ്കാരങ്ങളുടെയും സാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന അതിസൂക്ഷ്മമായ ബ്രഹ്മം എന്ന ഉണ്മയുടെ പര്യായമായാണ്. പ്രജ്ഞാനം ബ്രഹ്മ എന്നത് ഋഗ്വേദത്തിലെ മഹാവാക്യമാണ്. പരമാണുവിനുള്ളില്‍ അത്യതിസൂക്ഷ്മമായ ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ഭ്രമണവും, ജീവകോശത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയാവഹമായ രാസഫാക്ടറികളും ഓറഞ്ചിനകത്ത് മനോഹരമായി ക്രമീകരിച്ചിരിക്കുന്ന അല്ലികളും ജീവജാലങ്ങളിലെ മാതൃസ്നേഹവും എല്ലാം സമഗ്രമായി നിരീക്ഷിക്കുന്ന തുറന്ന മനസ്സുള്ള ഒരു സ്വതന്ത്രചിന്തകന് അഹം ദ്രവ്യാസ്മി എന്ന ഇടുങ്ങിയ വിശ്വാസത്തെക്കാള്‍ അഹം ബ്രഹ്മാസ്മി എന്ന വിശാലമായ വേദാന്തതത്ത്വമായിരിക്കും സ്വീകാര്യം.
മനസ്സിന്റെയും വസ്തുവിന്റെയും സൂക്ഷ്മതലങ്ങളിലേക്ക് അപഗ്രഥന, സമന്വയാത്മക സമീപനത്തോടെ തിരക്കിച്ചെന്ന ഭാരതീയ ഋഷിമാരുടെ കാഴ്ചപ്പാടില്‍ വസ്തുവും മനസ്സും അനന്തസാധ്യതകളുള്ള ബ്രഹ്മമെന്നത് അതിബോധാത്മക പരമയാഥാര്ത്ഥ്യത്തിന്റെ ആപേക്ഷികമായ രണ്ടു ഭാവങ്ങളാണ്. അവയാണ് അചേതനവും സചേതനവുമായ പ്രപഞ്ചാവിഷ്കാരത്തിന് കാരണം. പരസ്പരബന്ധമുള്ള സൂക്ഷ്മവും സുക്ഷ്മതരവുമായ ഒരു തത്ത്വാടിസ്ഥാനം വേദാന്തത്തിനുണ്ട്. ചലനാത്മകതയുമായി ബന്ധപ്പെട്ട മൂന്നുതരം ഊര്ജ്ജസ്ഥിതികളെ സൂചിപ്പിക്കുന്ന സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍ക്ക് പ്രപഞ്ചാവിഷ്കാരങ്ങളിലുള്ള അടിസ്ഥാനപരമായ പ്രസക്തിയുള്പ്പെടെ എല്ലാം യുക്തിയുക്തമായാണ് കോര്ത്തിണക്കിയിരിക്കുന്നതെന്ന് ആഴത്തിലുള്ള പഠനം വ്യക്തമാക്കും.
ഊര്‍ജ്ജതന്ത്രത്തിന്റെ നിയമങ്ങളെല്ലാം അപ്രസക്തമാകുന്ന സിംഗുലാരിറ്റിയെന്നു വിവക്ഷിക്കുന്ന അതിസാന്ദ്രബിന്ദുവില്നിന്ന് ഒരു മഹാവിസ്ഫോടനത്തോടുകൂടി ആവിര്‍ഭവിച്ചതാണ് കാല-ദേശാധിഷ്ഠിതമായ പ്രപഞ്ചം എന്നാണല്ലൊ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ശാസ്ത്രീയ സിദ്ധാന്തം. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അഭിപ്രായത്തില്‍ ഈ വിസ്ഫോടനത്തിന് മുന്‍പ് എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കാമെങ്കിലും നമ്മുടെ പ്രപഞ്ചാനുഭവവുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നാണ്.
വേദാന്തദര്‍ശനത്തില്‍ പ്രപഞ്ചാവിഷ്കാരവും അതിനുകാരണമായ സൂക്ഷ്മമാനങ്ങളും ഒരേയൊരു സമഗ്രാവസ്ഥയായാണ് പ്രതിപാദിക്കുന്നത്.
സ്ഥൂലപ്രപഞ്ച പ്രതിഭാസങ്ങളുടെ മൂലകാരണം കാല-ദേശ പ്രതിഭാസങ്ങള്‍ക്കെല്ലാം അതീതവും അവയ്ക്ക് ആധാരവുമായ ബ്രഹ്മത്തില്‍ നിന്നാണെന്ന് തലകീഴായുള്ള അശ്വത്ഥവൃക്ഷത്തിലൂടെ പ്രതിരൂപാത്മകമായി ഭഗവദ്ഗീതയില്‍ ചിത്രീകരിച്ചിരിക്കുന്നു. മുന്‍പ് ആധുനികശാസ്ത്രം പ്രപഞ്ചത്തിന്റെ സ്ഥൂലദ്രവ്യരംഗത്തെ മാത്രവും പത്തൊന്‍പതാം ശതകത്തിനുശേഷം അതിനു നിദാനമായ സൂക്ഷ്മ ഊര്ജ്ജരംഗത്തേയും പരിഗണനയിലെടുത്തു. എന്നാല്‍ ശാസ്ത്രത്തിന് അജ്ഞാതമായിരിക്കുന്ന അടിസ്ഥാന യാഥാര്ത്ഥ്യത്തെയുംകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രദര്‍ശനമാണ് വേദാന്തത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: