കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാറ്റോ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗ്റം വ്യോമതാവളത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു ആക്രമണം.
ആദ്യം മൂന്നു പേര് മരിച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നീട് മരണസംഖ്യ നാലാണെന്ന് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ചാവേറായിരുന്നു സ്ഫോടനം നടത്തിയത്.
ശക്തമായ സ്ഫോടനമാണ് നടന്നതെന്നും ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കടുത്ത സുരക്ഷാവേലികളുള്ള സ്ഥലമാണ് ബഗ്റാമിലെ നാറ്റോ വ്യോമതാവളം. എന്നാല്‍ ചാവേര്‍ എങ്ങനെ ഇതിനകത്തു കയറി പറ്റിയെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച്ചയും ജര്‍മന്‍ കോണ്‍സുലേറ്റിന് നേരെയും സമാനമായ സംഭവം ഉണ്ടായി. കോണ്‍സുലേറ്റിനുള്ളിലേക്കു ചാവേര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെയില്‍ ഗേറ്റിനു സമീപത്തുവെച്ച് പൊട്ടിത്തെറിച്ചിരുന്നു. ഇതില്‍ ആറു പേര് കൊല്ലപ്പെടുകയും 120 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: