കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപമുയരുന്നു. വാര്‍ഫില്‍ ആഴക്കുറവുണ്ടെന്നും ചരക്കുകയറ്റാന്‍ പറ്റാതെ കപ്പല്‍ മടങ്ങി എന്നതും ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ ദുരൂഹതയുള്ളതിനാല്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പോര്‍ട്ട് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മറ്റൊരാരോപണം. 1700 മുതല്‍ 1800 വരെ ടണ്‍ ചരക്ക് കയറ്റിയ കപ്പലുകള്‍ (3.2 മീറ്റര്‍ താഴ്ചയുള്ള കപ്പലുകള്‍) ഇവിടെയെത്തുന്നുണ്ട്. ഇവയ്ക്ക് രണ്ട് വാര്‍ഫിലും ചരക്ക് ഇറക്കാനും കയറ്റാനും സാധിക്കുമെന്നിരിക്കെ ഇതു പറ്റില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് തുറമുഖവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
കപ്പല്‍ നിര്‍മ്മാണം, കപ്പലുകളുടെ അറ്റകുറ്റപ്പണി, കപ്പലുകള്‍ പൊളിക്കല്‍, പാസഞ്ചര്‍ കപ്പല്‍ വന്നുപോകല്‍ തുടങ്ങിയവയൊക്കെ തുറമുഖത്ത് നടന്നാല്‍ മാത്രമേ ഇവിടം വികസനം ഉണ്ടാകുകയുളളു. എന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ തുറമുഖത്തിന് ആഴം ഇല്ല എന്നു പറയുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംശയമുയരുന്നുണ്ട്. ബേപ്പൂര്‍ തുറമുഖത്തെ തകര്‍ത്ത് അഴീക്കല്‍ തുറമുഖത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മിക്ക കപ്പലുകളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും കൊച്ചിയുമായി അടുത്ത ബന്ധമുള്ളവരാകയാല്‍ അക്കൂട്ടത്തില്പ്പെട്ടവരും ബേപ്പൂരിനെ തകര്‍ക്കുന്നതിന് പിന്നിലുണ്ടെന്നും ജനസംസാരമുണ്ട്. ബേപ്പൂരിലെ ഉരു നിര്‍മ്മാണ മേഖലയെ തകര്‍ത്ത അതേ രീതിയില്‍ തുറമുഖത്തെയും തകര്‍ക്കുമെന്ന ആശങ്കയാണ് നിത്യേന ശക്തമാകുന്നത്. കപ്പലില്‍ ചരക്ക് കയറ്റാന്‍ പറ്റില്ലെന്ന മുടന്തന്‍ ന്യായം അതിന്റെ ഭാഗമാണെന്നും മുപ്പത് വര്‍ഷത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഴക്കുറവുണ്ടായിട്ടും 3.2 മീറ്റര്‍ താഴ്ചയുള്ള (ഡ്രാഫ്റ്റ്) കപ്പലുകള്‍ യഥേഷ്ടം ബേപ്പൂരില്‍ വരികയും പോകുകയും ചെയ്തതിനാല്‍ ഇപ്പോഴത്തെ വിവാദം ചില ഉദ്യോഗസ്ഥരുടെ സൃഷ്ടിയാണെന്നുമാണ് പരക്കെയുള്ള ആക്ഷേപം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ നിയന്ത്രണമുള്ള സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
ഒരു തവണ കപ്പല്‍ തിരിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ പ്രയാസമായിരിക്കെ തുറമുഖത്തെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ അന്വേഷണം വേണമെന്നും തുറമുഖം സംരക്ഷിക്കണമെന്നും വെസ്സല്‍ ഓണേഴ്സ് ഏജന്റ്സ്, സ്റ്റെവ്ഡോഴ്സ് ആന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: