കാസര്‍കോട്: ഒഇസി യില്‍പ്പെട്ട പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് വിതരണം 15 മുതല്‍ പുനരാരംഭിക്കുമെന്ന് എബിവിപി പ്രതിനിധികള്‍ക്ക് എസ്‌സിഡി ഓഫീസര്‍ ഉറപ്പ് നല്‍കി. കോളേജധികൃതര്‍ ഫീസ് അടയ്‌ക്കാന്‍ ആവശ്യപ്പെട്ട സമയത്ത് സ്‌റ്റൈപ്പന്‍ഡ് ലഭിക്കാത്തതിനാല്‍ പല വിദ്യാര്‍ത്ഥികളുടെയും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ ആയിരുന്നു. ഇതിനെ തുടര്‍ന്ന് എബിവിപി ഓഫീസറുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. വിതരണത്തിലെ കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി ഓഫീസര്‍ പവിത്രനുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ വര്‍ഷം വരെ ജില്ലയില്‍ 100 ല്‍ പരം ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ പുതുതായി പല സമുദായങ്ങളും ഒ.ഇ.സി വിഭാഗത്തില്‍ കൂട്ടി ചേര്‍ക്കപ്പെട്ടതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം 500 ല്‍ അധികമായതും ട്രഷറിയില്‍ നിന്ന് പണമിടപാട് നടത്തുവാനെടുക്കുന്ന കാലതാമസവും, ഓഫീസിലെ സ്റ്റാഫുകളുടെ കുറവും സ്‌റ്റൈപ്പന്‍ഡ് വിതരണത്തെ ബാധിച്ചു. നിലവില്‍ എസ് സി ഡി ഓഫീസില്‍ ഒരു ഓഫീസറും സ്റ്റാഫുമാണുള്ളത്. 15 മുതല്‍ സ്‌റ്റൈപ്പന്‍ഡ് ഘട്ടം ഘട്ടമായി വിതരണം ചെയ്തു തുടങ്ങുമെന്നും ഡിസംബര്‍ 15 ആകുമ്പോഴേക്കും ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സ്‌റ്റൈപ്പന്‍ഡ് വിതരണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. ചര്‍ച്ചയില്‍ എബിവിപി ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ ജോയിന്റ് കണ്‍വീനര്‍ ശ്രീഹരി രാജപുരം എന്നിവര്‍ പങ്കെടുത്തു.
















