ശ്രീശങ്കറിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ട്. അത് ഒളിമ്പിക്‌സ്. അതിനുവേണ്ടിയാണ് പരിശീലനം. കോയമ്പത്തൂരിലും കഴിവു തെൡയിച്ചു ശ്രീ. ആണ്‍കുട്ടികളുടെ അണ്ടര്‍ 18 ലോങ്ജമ്പില്‍ 7.52 മീറ്റര്‍ ചാടി സ്വര്‍ണവുമായി തിരിച്ചുകയറി.
എതിരാളികള്‍ക്ക് ഏഴ് മീറ്റര്‍ കീറാമുട്ടിയായപ്പോള്‍ 7.31 മീറ്ററിന് മുകളിലായിരുന്നു ശ്രീയുടെ ചാട്ടം മുഴുവന്‍. രണ്ടാം ശ്രമത്തില്‍ സ്വര്‍ണവുമായി മടങ്ങി. പരിശീലിക്കാന്‍ പിറ്റ്‌പോലുമില്ലാതെ നേട്ടം.
റാഞ്ചിയിലെ മൂന്നാം സ്ഥാനമാണ് ശ്രീ മെച്ചപ്പെടുത്തിയത്. ദേശീയ യൂത്ത് മീറ്റില്‍ ദേശീയ റെക്കോഡോടെ ശ്രീ ശങ്കര്‍ സ്വര്‍ണം നേടിയിരുന്നു. അണ്ടര്‍ 14 ഒഴികെ വിഭാഗങ്ങളിലെ ലോങ്ങ്ജമ്പില്‍ ഇതുവരെ അഞ്ചു റെക്കോഡുകള്‍ താരത്തിന്റെ പേരിലുണ്ട്.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീയ്‌ക്ക് ചാട്ടം കുടുംബകാര്യം. പാലക്കാട് റെയില്‍വേയില്‍ ചീഫ് റിസര്‍വേഷന്‍ ഓഫിസറും ദേശീയ ഗെയിംസ് ട്രിപ്പിള്‍ ജമ്പിലെ മുന്‍ മെഡല്‍ ജേതാവുമായ എസ്. മുരളിയാണ് പിതാവ്. പരിശീലകനും അച്ഛന്‍ തന്നെ. അമ്മ കെ.എസ്. ബിജിമോളും കായിക താരം. സഹോദരി ശ്രീപാര്‍വതിയും ചേട്ടന്റെ പിന്‍ഗാമിയാവാനുള്ള പരിശീലനത്തിലാണ്.
















