തോല്‍പ്പിച്ചേ: അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം ഗോള്‍ നേടിയ ബ്രസീലിന്റെ നെയ്‌മര്‍ക്കൊപ്പം ആഘോഷിക്കുന്ന ഫിലിപ്പ് കുടീഞ്ഞൊ (ഇടത് ), ഗബ്രിയേല്‍ ജീസസ് (വലത് ).
റിയൊ ഡി ജനീറൊ: ലയണല്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയും അടങ്ങിയ അര്‍ജന്റൈന്‍ സംഘത്തെ നെയ്‌മറുടെ മഞ്ഞക്കിളികള്‍ കൊത്തിപ്പറിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 11 കളികളില്‍ 24 പോയിന്റുണ്ട് ബ്രസീലിന്.
ലോകകപ്പില്‍ കണ്ണീര്‍ വീണ ബെലോ ഹൊറിസോണ്ടയില്‍ തന്നെയാണ് ഫുട്‌ബോളിലെ നിത്യവൈരികളെ ബ്രസീല്‍ നിഷ്പ്രഭമാക്കിയത്. ഫിലിപ്പ് കുടീഞ്ഞൊ, നെയ്‌മര്‍, പൗളീഞ്ഞൊ എന്നിവര്‍ സ്‌കോര്‍മാര്‍. 25ാം മിനിറ്റില്‍ അര്‍ജന്റൈന്‍ പ്രതിരോധത്തെ പിളര്‍ത്തി കുടീഞ്ഞൊ ലക്ഷ്യം കണ്ടു. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ നെയ്‌മര്‍ ലീഡുയര്‍ത്തി. 58ാം മിനിറ്റില്‍ പൗളീഞ്ഞൊ പട്ടിക തികച്ചു.
ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയ ഉറുഗ്വെ രണ്ടാം സ്ഥാനത്ത്. 23 പോയിന്റുണ്ട് ഉറുഗ്വെയ്‌ക്ക്. സെബാസ്റ്റ്യന്‍ കോട്‌സ്, ഡീഗൊ റോളന്‍ ഉറുഗ്വെയുടെ സ്‌കോറര്‍മാര്‍. ഫെലിപ്പ് കെയ്‌സെഡൊ ഇക്വഡോറിന്റെ ആശ്വാസം. അതേസമയം, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ചിലിക്ക് സമനില. കൊളംബിയയാണ് ചാമ്പ്യന്മാരെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയത്.
മറ്റു കളികളില്‍ പെറു 4-1ന് പരാഗ്വെയെയും, വെനസ്വേല 5-0ന് ബൊളീവിയയെയും തകര്‍ത്തു. ജോസഫ് മാര്‍ട്ടിനസിന്റെ ഹാട്രിക്കാണ് വെനസ്വേലയ്‌ക്ക് മിന്നും ജയമൊരുക്കിയത്. കൗഫാറ്റി, ഒട്ടേരൊ മറ്റു സ്‌കോറര്‍മാര്‍. പത്താം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റിവെറോസിലൂടെ മുന്നിലെത്തിയ ശേഷം പരാഗ്വെ വന്‍ തോല്‍വി വഴങ്ങിയത്.
ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ക്ക് രണ്ടാമത്തേതില്‍ പിഴച്ചു. ക്രിസ്റ്റ്യന്‍ റാമോസ്, എഡിസണ്‍ ഫ്‌ളോറെസ്, ക്രിസ്റ്റ്യന്‍ കുവെസ് എന്നിവരുടെ ഗോളും, എഡ്ഗാര്‍ ബെനിറ്റസിന്റെ സെല്‍ഫ് ഗോളും പെറുവിന് വന്‍ ജയമൊരുക്കി.
കൊളംബിയ (18), ഇക്വഡോര്‍ (17), ചിലി (17), അര്‍ജന്റീന (16), പരാഗ്വെ (15), പെറു (14), വെനസ്വേല (അഞ്ച്), ബൊളീവിയ (നാല്) ടീമുകള്‍ തുടര്‍ സ്ഥാനങ്ങളില്‍. ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് പ്ലേ ഓഫിലൂടെയും അവസരം.
















