കണ്ണൂര്‍: എം വി ആറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തില്‍ സജീവമായി പങ്കെടുക്കുന്ന സിപിഎം നേതാക്കള്‍ ആദ്യം കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ആവേശപൂര്‍വം ഓര്‍ക്കുന്ന സഖാക്കളോടും മാപ്പു പറയണമെന്ന് ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന് പറഞ്ഞു. സിഎംപി ഇന്നലെ സംഘടിപ്പിച്ച എം വി ആര് അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രന്.
എം വി ആറിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു നടന്ന സെമിനാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുത്ത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും എം വി ആറായിരുന്നു ശരിയെന്ന് ഇപ്പോഴെങ്കിലും തുറന്നു സമ്മതിക്കുകയാണ് ചെയ്യുന്നത്. കൂത്തുപറമ്പില്‍ പോലീസ് വെടിവയ്പിനു കാരണക്കാരന്‍ എം വി ആറാണെന്നു പറഞ്ഞ് അദ്ദേഹത്തെ വേട്ടയാടിയവര്ക്കുണ്ടായ മനസുമാറ്റം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ച കൂത്തുപറമ്പിലെ അഞ്ചു ചെറുപ്പക്കാരോടും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന പുഷ്പനോടും കൂത്തുപറമ്പിലെ സി പി എം പ്രവര്‍ത്തകരോടും എന്ത് ന്യായീകരണമാണ് സിപിഎം നേതാക്കള്‍ക്ക് നല്‍കാനുള്ളതെന്ന് സുരേന്ദ്രന് ചോദിച്ചു.
കൂത്തുപറമ്പ് വെടിവയ്പിനു കാരണക്കാരന്‍ എംവിആറല്ലെന്ന് വിളിച്ചു പറയാന്‍ സ പിഎം തയ്യാറാകണം. എംവിആറിനെ കൊലയാളിയെന്നു വിളിച്ചാക്ഷേപിച്ചവര്‍ ആ തെറ്റുതിരുത്തിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചരമവാര്‍ഷികം കൊണ്ടാടുന്നതെങ്കില്‍ കൂത്തുപറമ്പിലെ പാര്‍ട്ടി പ്രവര്‍ത്തകരോടെങ്കിലും കാര്യം വിശദീകരിക്കാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: