ബെലോ ഹൊറിസോണ്ടെ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ ചിര വൈരികളായ ബ്രസീലില്‍ നിന്നും അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. യോഗ്യാതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട മെസിപ്പടയെ കെട്ടുകെട്ടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീലിന്റെ ആജ്യ ഗോള്‍ ഇരുപത്തിയഞ്ചാം മിനിറ്റിലായിരുന്നു. കുടിന്യോയിലൂടെയായിരുന്നു ബ്രസീല്‍ ഗോള്‍ പട്ടിക തുറന്നത് (1-0). ബ്രസീലില്‍ നിന്നുമേറ്റ മിന്നല്‍ പ്രഹരത്തിന് പിന്നാലെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ സൂപ്പര്‍താരം നെയ്മറിലൂടെ കാനറിപ്പട ലീഡുയര്‍ത്തുകയും ചെയ്തു (2-0). നെയ്മറുടെ 50-ാം രാജ്യാന്തര ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ അമ്പത്തിയൊമ്പതാം മിനിറ്റില്‍ പൗലിന്യോയിലൂടെ ബ്രസീല്‍ മൂന്നാം ഗോളും നേടി അര്‍ജന്റീനയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു(3-0).
ഈ തോല്‍വിയോടെ ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള അര്‍ജന്റീനയുടെ യാത്ര അപകടത്തിലായിരിക്കുകയാണ്. മെസിയും നെയ്മറും നേര്‍ക്കുനേര്‍ വന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
ബ്രസീലിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി പിണഞ്ഞ ബെലോ ഹൊറിസോണ്ടെയിലെ അത്ലറ്റിക്കോ മിനെയ്റോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ജര്‍മനിക്കെതിരേ ഈ സ്റ്റേഡിയത്തില്‍ ബ്രസീല്‍ 1-7നു നാണം കെട്ടിരുന്നു. അതിനാല്‍ തന്നെ ഈ സ്റ്റേഡിയത്തില്‍ വച്ച് ചിരവൈരികളായ അര്‍ജന്റീനയ്ക്കെതിരെ വിജയം കാണാനായത് ബ്രസീലിന്റെ ക്ഷമാപണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: