കോയമ്പത്തൂര്‍: റിയൊ ഒളിമ്പിക്സ് മാരത്തോണിനു ശേഷം അത്ലറ്റിക് ഫെഡറേഷനെയും പരിശീലകനെയും പ്രതിക്കൂട്ടിലാക്കി ആരോപണം ഉന്നയിച്ച ഒളിമ്പ്യന്‍ ഒ.പി. ജയ്ഷയ്ക്കെതിരെ നടപടി. അടുത്തു ചേരുന്ന ദേശീയ അത്ലറ്റിക് ഫെഡറേഷന് കൗണ്‍സില്‍ യോഗം അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി.കെ. വത്സന് പറഞ്ഞു. എന്നാല്‍, നടപടിയെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇന്ത്യയുടെ ആറ് വിദേശ പരിശീലകരില്‍ സ്പ്രിന്റ് പരിശീലകന് റഷ്യക്കാരന് ദിമിത്രിയെ പുറത്താക്കാനും തീരുമാനം. ഏഷ്യന്‍ ട്രാക്ക്, ലോക ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കായുള്ള ദേശീയ ക്യാമ്പ് പാട്യാല, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കും. ഡിസംബറില്‍ ഡല്‍ഹിയില്‍ എഎഫ്ഐയുടെ നേതൃത്വത്തില്‍ സ്പ്രിന്റ് അക്കാദമി തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. 2017 ല്‍ നടക്കുന്ന ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ദേശീയ ജൂനിയര്‍ മീറ്റില്‍ നിന്നു തിരഞ്ഞെടുക്കും.
അടുത്ത വര്‍ഷം മുതല്‍ ആറ് ഗ്രാന്‍ഡ്പ്രീകള്‍. ഒരെണ്ണം കേരളത്തില്‍. ഈ ഗ്രാന്‍ഡ് പ്രീകളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകളെയും പങ്കെടുപ്പിക്കും. ഓസ്ട്രേലിയ ഇതില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും വത്സന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: