കോയമ്പത്തൂര്‍: ജൂനിയര്‍ അത്ലറ്റിക്സിന്റെ ആദ്യദിനം കോയമ്പത്തൂരിന്റെ മണ്ണില്‍ ഉത്തരേന്ത്യന്‍ കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ താരമായത് ദല്‍ഹിയുടെ ഹൈജമ്പ് താരം തേജസ്വിന് ശങ്കര്‍. സീനിയര്‍ വിഭാഗത്തിലെ റെക്കോഡ് തകര്‍ത്തെറിഞ്ഞ പ്രകടനത്തോടെ താരമായി തേജസ്വിന്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് റെക്കോഡുകളുടെ പുതു ചരിത്രം പിറന്നത്. ജൂനിയര്‍ ദേശീയ റെക്കോഡും മീറ്റ് റെക്കോഡും കീഴടക്കിയ തേജസ്വിന് മുന്നില്‍ സീനിയര്‍ വിഭാഗം റെക്കോഡും കടപുഴകി. ഒരു വ്യാഴവട്ടം മുന്‍പ് പശ്ചിമ ബംഗാളിന്റെ ഹരിശങ്കര്‍ റോയ് കുറിച്ച 2.25 മീറ്ററിന്റെ ഉയരം മറികടന്നതോടെ റെക്കോഡ് പുസ്തകങ്ങളിലെ പഴയപേരുകള്‍ വിസ്മൃതിയിലായി. ആ സ്ഥാനത്ത് ഇനി ഒരു പേരു മാത്രം, തേജസ്വിന് ശങ്കര്‍.
വെള്ളി നേടിയ കെ.എസ്. അനന്ദു നിര്ത്തിയടത്തുനിന്നാണ് തേജസ്വിന് തുടങ്ങിയത്. അനന്ദു 2.06 മീറ്റര്‍ കീഴടക്കാന്‍ കഴിയാതെ അവസാനിപ്പിച്ചപ്പോള്‍ തേജസ്വിന് തുടങ്ങിയത് അവിടെനിന്ന്. ആദ്യ അവസരത്തില്‍തന്നെ ആ ഉയരം കീഴടക്കി. പിന്നീട് ആറ് സെന്റിമീറ്റര്‍ കൂട്ടി. അതും നിഷ്പ്രയാസം മറികടന്നു. 2.18 മീറ്ററും ഒറ്റച്ചാട്ടത്തില്‍ മറികടന്ന് മീറ്റ് റെക്കോഡും അണ്ടര്‍ 18 വിഭാഗത്തിലെ ദേശീയ റെക്കോഡും ഈ കുതിപ്പില്‍ സ്വന്തമാക്കി. അഞ്ച് വര്‍ഷം മുന്‍പ് കര്‍ണാടകയുടെ ശശിധര്‍ ഹര്‍ഷിദ് സ്ഥാപിച്ച 2.17 മീറ്റര്‍ ജൂനിയര്‍ മീറ്റ് റെക്കോഡും ദേശീയ റെക്കോഡുമാണ് തിരുത്തപ്പെട്ടത്.
തീര്‍ന്നില്ല കുതിപ്പ്. അടുത്ത ഉയരം 2.21 മീറ്റര്‍. പുഷ്പം പോലെ അതും മറികടന്നു. 2.24, 2.26 മീറ്റര്‍ ഉയരം രണ്ടാം ചാട്ടത്തില്‍ തേജസ്വിന് മുന്നില്‍ വഴിമാറി. തൊട്ടുപിന്നാലെ 2.28 മീറ്റര്‍ ഉയരത്തിലേക്ക്. രണ്ടു ചാട്ടവും പിഴച്ചതോടെ ക്രോസ് ബാര്‍ 2.30 മീറ്ററിലേക്ക് ഉയര്‍ത്താന്‍ തേജസ്വിന് ആവശ്യപ്പെട്ടു. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഈ ഉയരം ക്രോസ്ബാറില്‍ തട്ടി തകര്‍ന്നതോടെ മോഹം പൊലിഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹൈജമ്പറായ ബംഗാളിന്റെ ഹരിശങ്കര്‍ റോയ് 2004-ല്‍ സിങ്കപ്പൂര്‍ ഏഷ്യന്‍ ഓള്‍സ്റ്റാര്‍ അത്ലറ്റിക് മീറ്റില്‍ സ്ഥാപിച്ച 2.25 സീനിയര്‍ റെക്കോഡാണ് മാഞ്ഞു പോയത്. ഇവിടം കൊണ്ടും തീര്‍ന്നില്ല തേജസ്വിന്റെ നേട്ടം. ലോക അണ്ടര്‍ 20 യിലെ രണ്ടാമത്തെ ഉയരം കീഴടക്കിയ താരവുമായി തേജസ്വിന്.
തമിഴ്നാട്ടിലെ മധുരയാണ് തേജസ്വിന്റെ ജന്മനാട്. അച്ഛന് ഹരിശങ്കറിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ദല്‍ഹിയില്‍ താമസമാക്കി. അച്ഛന്റെ മരണശേഷവും അവിടെ തുടര്‍ന്നു. അമ്മ ലക്ഷ്മി ഡല്‍ഹിയില്‍ വക്കീല്‍. ലോധി റോഡിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയയില്‍ പന്ത്രണ്ടാം ക്ലാസിലാണ് തേജസ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: