കണ്ണൂര്‍: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി 12 ന് രാവിലെ 10 മുതല്‍ ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും ലോക് അദാലത്ത് നടക്കും. സിവില്‍ കേസുകള്‍, ഒത്തുതീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, ഫോണ്‍ ബില്‍ സംബന്ധമായ കേസുകള്‍ മുതലായവ ലോക് അദാലത്തില്‍ പരിഹരിക്കും. പെറ്റി കേസുകള്‍, ട്രാഫിക് കേസുകള്‍ എന്നിവ പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രതേ്യക സിറ്റിങ്ങ് നടത്തും.
ലോക് അദാലത്തുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുങ്ങിയവയുടെ പ്രതിനിധികളുടെ യോഗങ്ങള്‍ നടന്നു. കേസുകളില്‍ പ്രാരംഭ ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
കോടതികളില്‍ നിന്നും റഫര്‍ ചെയ്തതും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലോ, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളിലോ നല്‍കിയതുമായ പരാതികളാണ് ലോക് അദാലത്തില്‍ പരിഗണിക്കുക. ന്യായാധിപന്‍, അഭിഭാഷകന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് കേസുകള്‍ പരിഗണിക്കും. കേസ് ഒത്തുതീര്‍പ്പായാല്‍ അപ്പോള്‍ തന്നെ വിധിയുടെ പകര്‍പ്പ് കക്ഷികള്‍ക്ക് നല്‍കും. വിധിക്ക് സിവില്‍ കോടതി വിധിയുടെ പ്രാബല്യമുണ്ടാകും.
ലോക് അദാലത്തില്‍ പരിഗണിക്കാനായി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റികളില്‍ നല്‍കുന്ന പരാതികള്‍ക്ക് കോര്‍ട്ട് ഫീസ് ആവശ്യമില്ല. കൂടാതെ കോടതികളില്‍ നിന്നും റഫര്‍ ചെയ്ത സിവില്‍ കേസുകള്‍ ഒത്തുതീര്‍പ്പായാല്‍ അടച്ച് കോര്‍ട്ട് ഫീസ് തിരികെ നല്‍കും. വിധിക്ക് എതിരെ അപ്പീല്‍ ഇല്ല എന്നത് ലോക് അദാലത്തുകളുടെ പ്രതേ്യകതയാണ്. ലോക് അദാലത്ത് കേന്ദ്രങ്ങളില്‍ എത്തുന്ന കക്ഷികളെ സഹായിക്കാന്‍ അനേ്വഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
















