തളിപ്പറമ്പ്: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭാരതത്തിലെ 130കോടി വരുന്ന ജനങ്ങള്‍ക്കും ആശ്വാസകരമായി മാറുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം ദീന് ദയാല്‍ ഉപാധ്യായ പഠന ശിബിരം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ബുദ്ധിമുട്ടുകള്‍ ജനങ്ങള്ക്കുണ്ടാകുമെങ്കിലും രാജ്യത്തെ എറ്റവും വലിയ ശാപമായ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ ഈ നടപടികളിലൂടെ സാധിക്കും. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്ഘടനയുടെ ശാപമായ കള്ളപ്പണത്തെ ഇല്ലാതാക്കാനുള്ള നടപടി ആശ്വാസകരമാണ്. അഴിമതി, ഭൂമി വിലക്കയറ്റം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവക്കും ഇതുവഴി പരിഹാരം കണ്ടെത്താന്‍ കഴിയും ഇതുകൊണ്ടുള്ള ഗുണം ഭാരതത്തിലെ സാധാരണക്കാര്‍ക്കാണെന്നും ഇതിനെതിരെ പ്രസംഗിക്കുന്ന ഇടത് വലത് മുന്നണികള്‍ ജനങ്ങളെ വിഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ നടപടിമൂലം ചെറിയ മീനുകള്‍ രക്ഷപ്പെടുമെങ്കിലും വന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അച്ഛാദിന്‍ ഭാരതത്തില്‍ സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുഭവിക്കുന്ന ഗ്രൂപ്പിസത്തില്‍ നിന്നും അണികളുടെ കൊഴിഞ്ഞുപോക്കിനും തടയിടാനാണ് അക്രമങ്ങള്‍ നടത്തുന്നതെന്നും ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, വൈസ് പ്രസിഡണ്ടുമാരായ പി.ബാലകൃഷ്ണന് മാസ്റ്റര്‍, ആനിയമ്മ രാജേന്ദ്രന് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. കെ.രമേശന് സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 9.30മുതല്‍ വിവിധ വിഷയങ്ങളില്‍ മേഖ ലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വിജയന് വട്ടിപ്രം, കെ.രാധാകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ.എം.വിനോദ്കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം ദേശീയ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: