കാക്കനാട്: ജില്ലയ്ക്ക് ലോകബാങ്ക് അനുവദിച്ച ധനസഹായം സര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറച്ചു. മൂന്ന് മുനിസിപ്പാലിറ്റികള്‍ക്ക് ആറു കോടി രൂപ നഷ്ടമായി. ജില്ലയില്‍ കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍ എന്നീ മുനിസിപ്പാലിറ്റികള്‍ക്കാണ് സഹായം അനുവദിച്ചിരുന്നത്. ഓരോ മുനിസിപ്പാലിറ്റികള്‍ക്കും നാല് കോടി രൂപ വീതമായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് കോടി രൂപ വീതം മാത്രമെ നല്‍കുകയുള്ളൂവെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
2017 മാര്‍ച്ച് 31നു മുന്‍പ് ചെലവഴിക്കേണ്ടതിനാല്‍ അതിനകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, തുക വക മാറ്റി ചെലവഴിക്കേണ്ടി വന്നതിനാലാണ് ധനസഹായം വെട്ടിക്കുറച്ചതെന്നാണ് മുനിസിപ്പാലിറ്റികളെ സര്‍ക്കാര്‍ അറിയിച്ചത്.
കേരള ലോക്കല്‍ സര്‍വീസ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം ലോകബാങ്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വര്‍ദ്ധിച്ചതോടെ അപ്രതീക്ഷിതമായി പകുതിയോളം തുക അധികമായി ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയിലെ പിന്നാക്കം നില്ക്കുന്ന മൂന്ന് മുനിസിപ്പാലിറ്റികളെ തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി തുക ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചത്.
നാല് കോടി രൂപ വീതം ലഭിക്കുമെന്ന ഉറപ്പില്‍ മുന്‍സിപ്പാലിറ്റികള്‍ ഈ തുകയനുസരിച്ച് പദ്ധതി രൂപീകരിക്കാന്‍ ഓരോ എന്‍ജിഒയെയും നിയോഗിച്ചിരുന്നു. ഇവര്‍ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് സര്‍ക്കാര്‍ നഗരസഭകളെ അറിയിക്കുന്നത് സഹായം പകുതിയായിക്കി കുറച്ചെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: