ചേക്കോട്ട് കോളനി വീടുകളെല്ലാം പുല്ലുമേഞ്ഞതായിരുന്നു. കൂരകള്‍ പുതയ്ക്കാനുള്ള പുല്ല് കൈതവള്ളി സാമിയും മറ്റുമാണ് നല്കിവന്നത്. ആശ്രിതരല്ലാത്തവര്‍ നരിനിരങ്ങി മലകളിലെ ചിറ്റീന്തും പുല്ലും ഉപയോഗിച്ചും മേഞ്ഞുവന്നു. ദര്‍ഭ വെട്ടിയെടുത്ത് മേഞ്ഞുവന്നവരും കുറവല്ല. മുളയുടെ മേല്‍ക്കൂരയിലാണ് വാരികള്‍ വച്ചുകെട്ടി പുല്ലുമേയുക. പുല്ലുമേയുന്നതിന് മാത്രമായുള്ള ചിലരും കോളനിയിലുണ്ടായിരുന്നു. പരിചയസമ്പന്നരായവര്‍ മറ്റു കോളനികളിലും വീടുകള്‍ മേഞ്ഞുവന്നു.
പാടശേഖരങ്ങളിലെ കുരവകളില്‍നിന്ന് ശേഖരിക്കുന്ന ചെളിമണ്ണ് ഉരുട്ടി ഉണക്കി ഇഷ്ടികകള്‍ക്ക് പകരമായി ഉപയോഗിച്ചുവന്നു. വൈക്കോല്‍ കത്തിച്ചെടുക്കുന്ന കരിയും ഇടിച്ചുപിഴിഞ്ഞ കുളിര്‍മാവിന്‍ തോലും ഉപയോഗിച്ചുള്ള മിശ്രിതമാണ് ചുവരുകള്‍ തേക്കാന്‍ ഉപയോഗിച്ചുവന്നത്. മണ്‍തറകളിലും ഇതേ മിശ്രിതംതന്നെ ഉപയോഗിച്ചുവന്നു. ചില പ്രായമായ അമ്മമാര്‍ വെളുത്ത കളിമണ്ണും ചുമന്ന കളിമണ്ണുമെല്ലാം ഉപയോഗിച്ച് ചുമരുകള്‍ക്ക് ഭംഗിയും നല്കിവന്നു. പൊക്കം കുറഞ്ഞ മേല്‍ക്കൂരകളുള്ള വീടായിരുന്നു ഭൂരിഭാഗവും. കൈതവള്ളി സാമിക്ക് ആലയിലെ ഉണക്കചാണകം ചുമന്ന് നെല്‍വയലുകളുടെ പല ഭാഗത്തായി കൊണ്ടിടുന്ന പണി എനിക്കും ലഭിച്ചിരുന്നു. അക്കാലത്ത് പരമാവധി കൂലി കുട്ടികള്‍ക്ക് രണ്ട് രൂപയൊക്കെയാണ് നല്കിവന്നത്.
ലഭിക്കുന്ന തുക പലപ്പോഴും രണ്ട് പൈസ, മൂന്ന് പൈസ, അഞ്ച് പൈസ, പത്ത് പൈസ തുട്ടുകളായിരുന്നു. വീടിന്റെ കഴുക്കോലിലുള്ള മുളംപൊത്തിന്റെ ഒരുഭാഗത്ത് നാണയമിടാനുള്ള ദ്വാരമുണ്ടാക്കി ഞങ്ങള്‍ ചില്ലറകള്‍ അതില്‍ നിക്ഷേപിച്ചുവന്നു. എനിക്കും മുത്തയ്ക്കും അനുജനും വെവ്വേറെ ഇല്ലികുംഭങ്ങള്‍ (പണം നിക്ഷേപിക്കുന്ന മുളംപൊത്തുകള്‍) ഉണ്ടായിരുന്നു. വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ചാണ് കുംഭം പൊളിക്കുക. കാവില്‍ പോകാനുള്ള പണം ഇതുവഴി കിട്ടും. ജോലിക്കുപോയി കൂലി കിട്ടിയാലും പലപ്പോഴും കുംഭത്തിലിടാനുള്ള പണം ലഭിക്കില്ല. കാരണം അമ്മയാകും കൂലി വാങ്ങുക. വല്ലപ്പോഴൊക്കെ അമ്മയും രണ്ട് പൈസയും മൂന്ന് പൈസയുമൊക്കെ തരും. അന്ന് ഞങ്ങള്‍ക്ക് രാജാവ് രാജ്യം പിടിച്ചടക്കിയ സന്തോഷമായിരിക്കും.
കാവിലെ ഉത്സവത്തിന് ചേലയും പൊട്ടും ചാന്തും വളകളുമൊക്കെ വാങ്ങിവന്നു. ഒരിക്കല്‍ രാവിലെ നോക്കുമ്പോള്‍, ഞങ്ങളുടെ മൂന്ന് പേരുടെയും കുംഭം കുത്തിപൊളിച്ച നിലയിലായിരുന്നു. കുംഭത്തില്‍ ഒരു ചില്ലിക്കാശുപോലുമില്ല. എനിക്ക് തല കറങ്ങുന്നതായി തോന്നി. ഒരുകൊല്ലത്തെ സമ്പാദ്യം മുഴുവനായും കവര്‍ന്നുപോയിരിക്കുന്നു. ഞാന്‍ അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല, അമ്മയ്ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് നരിനിരങ്ങി മലയില്‍നിന്ന് ഞങ്ങള്‍ക്ക് കുറെ മയില്‍പീലി ലഭിച്ചത്. മയിലുകള്‍ സ്ഥിരമായി ചേക്കേറുന്ന മരങ്ങളുടെ ചുവട്ടില്‍ പീലികള്‍ പൊഴിഞ്ഞുകിടക്കും. കോളനിയിലെ കൂട്ടുകാരികള്‍ക്കൊപ്പം കല്ലുകളിക്കലും അക്ക് കളിക്കലും കിളി കളിക്കലുമൊക്കെ പതിവായിരുന്നു.
ആണ്‍കുട്ടികളുണ്ടെങ്കില്‍ കുട്ടിയും കോലും, സാറ്റ്, ചാപ്പയും പുള്ളിയും മുതലായ കളികളും കളിക്കും. കുട്ടിക്കോല് ചെറിയ ഒരു കുഴിയില്‍ കുത്തി തള്ളക്കോലുകൊണ്ട് തെറിപ്പിച്ചുവിടും. അതിനുശേഷം തള്ളക്കോല്‍ കുത്തിപിടിച്ച് കുട്ടിക്കോല് എതിരായി എറിയും. ഏറുകൊണ്ടാല്‍ കളിച്ചയാള്‍ പുറത്താകും. പിന്നീട് ഇടതുകാലില്‍ കുട്ടിക്കോല് വച്ചടിച്ചും ഇടത് കാലിലും ഇടതുകൈമുട്ടിലും ചുരുട്ടിപിടിച്ച ഇടതുകൈയിലും ഇടതുകൈയിലെ ചെറുവിരലിലും ചൂണ്ടുവിരലിനുമിടയിലും മുഖത്തും കുട്ടിക്കോല് വെച്ച് തള്ളക്കോല്‍ കൊണ്ട് അടിക്കും. പിന്നീട് സകത്, മുറി, നാഴി, ഐടി, ആറേംഗ്, പണം ഒന്ന്, പണം രണ്ട് അങ്ങനെപോകും. ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നയാളാണ് വിജയി. വാക്കില്‍ മാത്രമേ പണം ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ ചെറിയകല്ലുകള്‍ പെറുക്കിവച്ചുള്ള പാസ് കളിയിലും ഞാനും പങ്കാളിയായിട്ടുണ്ട്. പെറുക്കി ഉയര്‍ത്തിയ കല്ല് ഉണങ്ങിയ വാഴയിലകള്‍ ചുരുട്ടികെട്ടി പന്തിന്റെ രൂപത്തിലാക്കിയ ബോള്‍ ഉപയോഗിച്ചാണ് കളിക്കുക. ഇതുകൊണ്ടുള്ള ഏറ് പലര്‍ക്കും കിട്ടിയിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് കാവില്‍നിന്ന് വാങ്ങിയ റബ്ബര്‍ പന്തുപയോഗിച്ചും പാസ് കളിച്ചിട്ടുണ്ട്.
കോളനിയിലെ ചൂതാട്ടമായിരുന്നു ചാപ്പയും പുള്ളിയും കളി. രണ്ട് പൈസയും മൂന്ന് പൈസയും അഞ്ച് പൈസയും ഇതിനായി ഉപയോഗിച്ചുവന്നു. എത്രയാളുകള്‍ക്കുവേണമെങ്കിലും പങ്കെടുക്കാം. അഞ്ച് മീറ്റര്‍ ദൂരെയുള്ള ചെരിയ ഒരു കുഴി ലക്ഷ്യമാക്കി ഓരോരുത്തരും അവരവരുടെ നാണയം എറിയും. നേടുക എന്നാണ് ഇതിന് പറയുക. കുഴിയില്‍ നാണയം വീഴ്ത്തുന്നയാള്‍ ഒന്നാമന്, കുഴിയില്‍നിന്നുള്ള ദൂരം കണക്കാക്കി രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍. ഒന്നാമന് മുഴുവന്‍ നാണയങ്ങളും കൈകൊണ്ട് കുലുക്കി മാനത്തേക്കെറിയും. അതിനിടെ ചാപ്പയും പുള്ളിയും ചോദിക്കും.
എതിര്‍വിഭാഗം ചാപ്പ (അശോക സ്തംഭം വരുന്ന ഭാഗം) പറഞ്ഞാല്‍ പുള്ളിവരുന്ന മുഴുവന്‍ നാണയങ്ങളും ഒന്നാമന് സ്വന്തമാകും. ഇതുപോലെ രണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ ചെയ്യും. അവസാന നമ്പറുകാര്‍ക്കൊന്നും ഒരിക്കലും കളിക്കാനുള്ള അവസരംപോലും കിട്ടാറില്ല. കോളനിയിലെ കേമന്മാരായ ചില കുട്ടികള്‍കനമുള്ള അഞ്ച് പൈസ നാണയങ്ങള്‍ ശേഖരിച്ചുവെച്ച് കളിച്ചു ജയിക്കുമായിരുന്നു. കിളികളിയും കബഡി കളിയുമെല്ലാം പിന്നീടാണ് പ്രശസ്തമായി വന്നത്. കബഡി ഇപ്പോള്‍ അതിര്‍ത്തിയും കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: