പയ്യോളി: ഗ്രാമീണ ജീവിതവുമായി ബന്ധപ്പെട്ട ലളിതമായ ശൈലിയും ദേശീയതയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് യു.കെ. കുമാരന്റെ കൃതികളുടെ മുഖമുദ്രയെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു. വയലാര്‍ അവാര്‍ഡ് ജേതാവ് തക്ഷന്‍കുന്ന് സ്വരൂപത്തിന്റെ കര്‍ത്താവുമായ യു.കെ. കുമാരന് ജന്മനാടായ തച്ചന്‍ കുന്നിലെ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു.കെ. കുമാരന്റെ എല്ലാ രചനകളിലും ഗ്രാമീണ തനിമ നിറഞ്ഞു നില്‍ക്കുന്നതായി കാണാം. ഗാന്ധിജിയുടെ വരവും, കേളപ്പജിയുമൊക്കെ തക്ഷന്‍കുന്ന് സ്വരൂപത്തിലെ പ്രധാന കഥാസന്ദര്‍ഭങ്ങളാണ്. യു.കെ. കുമാരന്‍ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിലൂടെ കേരളത്തിലെ ഒന്നാം നിര എഴുത്തുകാരില്‍ ഒന്നാമനായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.കെ. കുമാരന് ജന്മനാട്ടിലെ പൗരാവലി ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. തച്ചന്‍കുന്ന് സബ് രജിസ്ട്രാഫീസ് പരിസരത്തു നിന്നും യു.കെ. കുമാരനെ ആനയിച്ചുകൊണ്ട് കീഴൂര്‍ ചൊവ്വ വയലിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര നടത്തി.
സ്വീകരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം. പി ഉദ്ഘാടനം ചെയ്തു. എം.എ. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ദാസന്‍ എംഎല്‍എ ഉപഹാരസമര്‍പ്പണം നടത്തി. മഠത്തില്‍ നാണു, പ്രൊഫ. കടത്തനാട് നാരായണന്‍, അശോകന്‍ മാതാണ്ടി, സജിനി കോഴിപ്പറമ്പത്ത്, പ്രമീള എടക്കുടി, കാര്യാട്ട് നാരായണന്‍, വി. ആര്‍. വിജയരാഘവന്‍, പി.ടി. രാഘവന്‍, ഷാജി പാറക്കണ്ടി, ലിജിത എളവന്തൊടി, ഷഫീഖ് വടക്കയില്‍, എസ്. സുജിത്കുമാര്‍, ടി.കെ. മുകുന്ദന്‍, തോട്ടത്തില്‍ ചന്ദ്രന്‍, സി. കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു. വി. ശശികുമാര്‍ സംവിധാനം ചെയ്ത തക്ഷന്‍കുന്നിലെ മായാകാഴ്ചകള്‍ എന്ന ദൃശ്യാവിഷ്‌കാരവും ഉണ്ടായിരുന്നു.
















