ശ്രീനഗർ: ജമ്മു കശ്മീരിൽ 300ഓളം ഭീകരർ തമ്പടിച്ചിരിക്കുന്നുണ്ടെന്ന് സംസ്ഥാനത്തെ ഡിജിപി കെ രാജേന്ദ്ര. ഇതിനു പുറമെ അതിർത്തി വഴി നിരവധി ഭീകരർ നുഴഞ്ഞു കയറ്റം നടത്തുന്നുണ്ട്. ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം സംസ്ഥാനത്തിന്റെ സുരക്ഷയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുർഹാൻ വാനിയുടെ മരണത്തിനു ശേഷം കശ്മീരിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരമാവധി നിയന്ത്രണ വിധേയമാക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. നാല് മാസത്തോളം കശ്മീരിൽ ആക്രമണങ്ങൾ തുടർക്കഥയായിരുന്നു. കശ്മീരിനെ ശാന്തമാക്കാൻ പുത്തൻ പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50നും 70നും ഇടയിൽ കെട്ടിടങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും താഴ്‌വരയിൽ അങ്ങും മിങ്ങും ചെറിയ തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട്, ഇവയെല്ലാം ഇല്ലായ്‌മ ചെയ്ത് താഴ്‌വരയെ സമാധാനത്തിലേക്ക് തിരിച്ച് കൊണ്ടു വരുക എന്നത് തന്നെയാണ് പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനം തിരികെ കൊണ്ടു വന്നാലും ഭീകരർക്കും അക്രമികൾക്കുമെതിരെ പോലീസ് സദാ സമയവും പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
















