ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിനെ വികസനത്തിലേക്ക് നയിക്കാന്‍ എസ്പിയെയും ബിഎസ്പിയെയും പുറന്തള്ളണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
രണ്ട് പാര്‍ട്ടികള്‍ക്കും നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും സംസ്ഥാനത്തിന് പ്രയോജനമുണ്ടായില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ യുപി ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറും. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണമാകും ബിജെപിയുടേത്. ഝാന്‍സിയില്‍ രണ്ടാമത്തെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഭാഗമായി നാല് പരിവര്‍ത്തന്‍ യാത്രകളാണ് ബിജെപി നടത്തുന്നത്. ആദ്യ യാത്ര ബുന്ദേല്‍ഗണ്ഡില്‍ നിന്ന് ഞായറാഴ്ച ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച സോന്‍ഭദ്ര, ബുധനാഴ്ച ബല്ല്യ എന്നിവിടങ്ങളില്‍ നിന്ന് മറ്റ് യാത്രകളും ആരംഭിക്കും. 403 നിയോജക മണ്ഡലങ്ങളിലും യാത്ര പര്യടനം നടത്തും. ഡിസംബര്‍ 24ന് ലക്‌നൗവിലെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഗുണ്ടാ ഭരണം അവസാനിപ്പിക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് ഷാ ചൂണ്ടിക്കാട്ടി. മാഫിയാ നേതാവ് മുക്താര്‍ അന്‍സാരിയുടെ പാര്‍ട്ടി എസ്പിയില്‍ ചേരുന്നത് മുഖ്യമന്ത്രി അഖിലേഷ് എതിര്‍ത്തിരുന്നു. എന്നാല്‍ ലയനം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രിയായി തുടരാന്‍ അഖിലേഷിന് അവകാശമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
















