ന്യൂദല്‍ഹി: പാസ്‌പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെയോ രക്ഷിതാവിന്റെയോ പേര് വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ ശുപാര്‍ശ. സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നടപടിക്രമങ്ങളുടെ പേരില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക സമിതിയുടെ ശുപാര്‍ശ.
മറ്റ് രാജ്യങ്ങളുടെ, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിന് ഈ വ്യവസ്ഥയില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. 1967 ലെ പാസ്‌പോര്‍ട്ട് ചട്ടത്തില്‍ വരുത്തേണ്ട ഭേദഗതി പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, വിദേശകാര്യവകുപ്പ്, വനിതാ ശിശുക്ഷേമ മന്ത്രാലയം അംഗങ്ങള്‍ അടങ്ങുന്ന സമിതിയുടേതാണ് ശുപാര്‍ശ. മൂന്നു മാസം മുമ്പാണ് രൂപീകരിച്ചത്. അപേക്ഷകരുടെ വിവരങ്ങള്‍ സ്വീകരിക്കാം, അത് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ.
ഇമിഗ്രേഷന്‍ നടപടികള്‍ക്ക് യാത്രക്കാരന്റെ പേര്, ലിംഗം, രാജ്യം, ജനന തീയതി എന്നിങ്ങനെ പാസ്‌പോര്‍ട്ടിലെ രണ്ടാം പേജിലുള്ള വിവരം മതിയാകും. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കാണ് നിലവിലെ രീതിയില്‍ പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത്.
ദത്തെടുത്തവര്‍, വാടകഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍ വിവാഹേതര ബന്ധത്തില്‍ ജനിച്ചവര്‍ തുടങ്ങിയവര്‍ക്കും നിലവിലെ രീതിയില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നിലനില്‍ക്കുന്നുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു.
















