ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ പോര് പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന് ബോധ്യപ്പെടുന്നതായി ഇന്നലത്തെ സംഭവ വികാസങ്ങള്‍. ഇന്നലെ നടന്ന സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുകഴ്‌ത്തി സംസാരിച്ച മന്ത്രി ജാവേദ് ആബിദിയെ പാര്‍ട്ടി ചെയര്‍മാനും മുലായം സിങ്ങ് യാദവിന്റെ അനുജനുമായ ശിവ്പാല്‍ യാദവ് തള്ളി മാറ്റി.
സംസാരിക്കാന്‍ അനുവദിക്കാതെയായിരുന്നു ഈ നടപടി. മുലായം അടക്കം വേദിയിലിരിക്കുമ്പോഴായിരുന്നു ശിവ്പാലിന്റെ നടപടി. നേതാക്കള്‍ ഇടപെട്ടാണ് ശിവ്പാലിനെ അനുനയിപ്പിച്ചത്. ഇത് അല്പ്പ നേരം വേദിയിലും സദസിലും അസ്വസ്ഥത പടര്‍ത്തുകയും ചെയ്തു.
പിന്നീട് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രസംഗിച്ചെങ്കിലും ഈ വിഷയങ്ങളൊന്നും പരാമര്‍ശിച്ചില്ല. നേതൃത്വത്തര്‍ക്കം രൂക്ഷമായ സമാജ്‌വാദിയില്‍ മുലായവും ശിവ്പാലും ഒരു വശത്തും അഖിലേഷ് മറുവശത്തുമാണ്.
അതിനിടെ താന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ലെന്ന് ശിവ്പാല്‍ പ്രസംഗത്തില്‍ പ്രഖ്യപിക്കുകയും ചെയ്തു. എന്നാല്‍ ആ സ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ പേര് അദ്ദേഹം നിര്‍ദ്ദേശിച്ചുമില്ല.
പാര്‍ട്ടിക്കു വേണ്ടി രക്തം നല്‍കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ താനില്ല.
നിങ്ങള്‍ക്ക് എത്രവേണമെങ്കിലും എന്നെ അപമാനിക്കാം ശിവ്പാല്‍ പറഞ്ഞു.
















