ന്യൂദല്‍ഹി: ദല്‍ഹിയിലെ പാക്ക് നയതന്ത്രാലയത്തില്‍ വിപുലമായ ചാരശൃംഖലയുണ്ടെന്ന് പുറത്താക്കപ്പെട്ട പാക്ക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിന്റെ മൊഴി. ഇവിടുത്തെ 16 ഉദ്യോഗസ്ഥര്‍ക്ക് എങ്കിലും ചാരവലയമുണ്ട്. അവര്‍ ചാരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. അക്തര്‍ പറയുന്നു.
ഇയാള്‍ പിടിയിലായ സമയത്ത് ദല്‍ഹി പോലീസും ഐബിയും സംയുക്തമായി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമാണിത്. ഇവര്‍ കരസേനയുടേയും അതിര്‍ത്തിരക്ഷാ സേനയുടേയും വിന്യാസം സംബന്ധിച്ച വിവരങ്ങളാണ് കൂടുതലും ചോര്‍ത്തിയത്. ഇയാളുടെ വെളിപ്പെടുത്തല്‍ ശരിയോയെന്ന് പരിശോധിച്ചുവരികയാണ്.
സത്യമെന്ന് തെളിഞ്ഞാല്‍ വിഷയം വിദേശകാര്യമന്ത്രാലയത്തില്‍ അവതരിപ്പിച്ച് നടപടി തേടും.
അക്തറിന് രഹസ്യ വിവരങ്ങള്‍ നല്‍കിയ നാട്ടുകാരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. അവര്‍ രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുകയാണ്. പിടിയിലായ മൗലാന റംസാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരുടെ സുഹൃത്തുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ചിന്റെ രണ്ടു സംഘങ്ങള്‍. വിരമിച്ച ചില സൈനിക ഉദ്യോഗസ്ഥര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനയുണ്ട്.
തന്റെ ഓഫീസര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ താന്‍ അനുസരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് മുന്‍സൈനികനും ഐഎസ്‌ഐ ചാരനുമായ അക്തര്‍ പറഞ്ഞു. സെയ്ദ് ഫറൂഖ് സാഹിബ്, ഖദീം ഹുസൈന്‍, മുദാസിര്‍ ഇക്ബാല്‍ ചീമ, ഷഹീദ് ഇക്ബാല്‍ എന്നിവരാണ് തന്റെ ഓഫീസര്‍മാരെന്നും അക്തര്‍ വെളിപ്പെടുത്തി.
















