ബെംഗളൂരു: തമിഴ്നാട്ടിലും കേരളത്തിലും കര്‍ണ്ണാടകത്തിലും വേരുറപ്പിച്ച ഭീകരസംഘടനയായ അല്‍ ഉമ്മ പേരുമാറ്റിയതായി സൂചന. ബേസ് മൂവ്മെന്റ് എന്നാണ് പുതിയ പേര്. അനവധി ഹിന്ദുനേതാക്കളെ വധിക്കുകയും നിരവധി കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുള്ള ഈ സംഘടന അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടാക്കിയതായും ഇന്റലിജന്‍സ് ബ്യൂറോക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഖ്വയ്ദ എന്ന അറബി വാക്കിന്റെയര്‍ഥം ബേസ് (അടിത്തറ) എന്നാണ്.
സമീപകാലത്ത് തെക്കന്‍ ഭാരതത്തിലെ നാലു കീഴ്ക്കോടതികളില്‍ ബോംബു സ്ഫോടനങ്ങള്‍ നടന്നിരുന്നു. കൊല്ലം, ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണ്ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ബേസ് മൂവ്മെന്റായിരുന്നു. നെല്ലൂരിലെ സ്ഫോടനസ്ഥലത്തു നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ പെന്‍ഡ്രൈവ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെയും തമിഴ്നാട്ടിലെയും കോടതികളിലും സ്ഫോടനങ്ങള്‍ നടത്തുമെന്ന ഭീഷണിയായിരുന്നു ഇതില്‍.
93 ല്‍ രൂപം കൊണ്ട അല്‍ ഉമ്മ കഴിഞ്ഞ വര്‍ഷമാണ് പേര് മാറ്റിയതെന്ന്സംശയിക്കുന്നു. 2015 ജനുവരിയില്‍ ബെംഗളൂരുവില്‍ നിന്നാണ് ബേസ് മൂവ്മെന്റ് പ്രചാരണം തുടങ്ങിയത്. ഉടനാക്രമണം നടത്തുമെന്ന, മുഖ്യമന്ത്രി സിദ്ധരാമയ്യക്കുള്ള രണ്ടു വരി ഭീഷണിക്കത്ത് അഡീഷണല്‍ ചീഫ്സെക്രട്ടറിക്ക് അയക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള കത്തില്‍ ബേസ് മൂവ്മെന്റ് എന്നാണ് എഴുതിയിരുന്നത്. കോയമ്പത്തൂര്‍ സിങ്കനല്ലൂരില്‍ നിന്നാണ് കത്തെഴുതിയത്. പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്റെയുടെ ഭാരത സന്ദര്‍ശനത്തിന് എതിരെ ഈ വര്‍ഷം ജനുവരി 11ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ബേസ് മൂവ്മെന്റിന്റെ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ചെന്നൈ ട്രിപ്ളിക്കേനില് നിന്നായിരുന്നു കത്ത്.
മൂന്നാമത്തെ കത്ത് ചിറ്റൂര്‍ വാണിജ്യനികുതി കമ്മീഷണര്‍ക്കായിരുന്നു. കത്തിനു പിന്നാലെ ഏപ്രില്‍ ഏഴിന് അവിടെ ബോംബ് പൊട്ടി. വാറംഗലില്‍ അഞ്ച് സിമി ഭീകരരെ വധിച്ചതിന്റെ പ്രതികാരമായിരുന്നു. ജൂണിലാണ് കൊല്ലം കോടതി വളപ്പില്‍ സ്ഫോടനം. ആഗസ്റ്റ് ഒന്നിന് പ്രഷര്‍കുക്കറില്‍ വച്ച ബോംബാണ് മൈസൂരു പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ പൊട്ടിയത്. സപ്തംബര്‍ 12നായിരുന്നു നെല്ലൂരില്‍ സ്ഫോടനം. ഇന്നലെ മലപ്പുറത്തും.
അഞ്ചു സ്ഫോടനങ്ങളുമായി വളരെയേറെ സാമ്യങ്ങളാണ് ഉള്ളതും. ആദ്യ നാലു സ്ഫോടനങ്ങളിലും പ്രഷര്‍കുക്കറും വെടിമരുന്നും പൊട്ടാസ്യം ക്ളോറൈറ്റും ടൈമറുകളുമാണ് ഉപയോഗിച്ചത്. എല്ലാം ശക്തികുറഞ്ഞവ. ഭയം ജനിപ്പിക്കുക, ശക്തി പരീക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
അടുത്തിടെ ബെംഗളൂരുവില്‍ ആര്‍എസ്എസ് നേതാവ് രുദ്രേഷ് കുമാറിനെ വധിച്ചത് അല്‍ ഉമ്മയായിരുന്നു. കൊലയാളികള്‍ നിരന്തരം കണ്ണൂരില്‍ എത്തിയിരുന്നു. ഇവിടെയാണ് അവര്‍ പരിശീലനം നേടിയതും.അയോധ്യയില്‍ തര്‍ക്ക മന്ദിരം തകര്‍ന്നതിനുശേഷം, 1993ല്‍ കോയമ്പത്തൂരില്‍ സയ്യദ് അഹമ്മദ് ബാഷ, എംഎച്ച് ജവഹറുള്ള എന്നിവരാണ് അല്‍ ഉമ്മ ഉണ്ടാക്കിയത്. ജവഹറുള്ള വേര്‍പെട്ട് തമിഴ്നാട് മുസ്ളീം മുന്നേറ്റ കഴകമുണ്ടാക്കി. 93ല്‍ ചെന്നൈ ആര്‍എസ്എസ് കാര്യാലയത്തിനടുത്ത് ബോംബു പൊട്ടിച്ച് 11 പേരെ കൊന്നു. 98ല്‍ എല്‍കെ അദ്വാനിയെ കോയമ്പത്തൂരില്‍ വധിക്കാന്‍ ശ്രമിച്ചത് അല്‍ ഉമ്മയായിരുന്നു.
അഖ്ലാഖിന്റെ പേരില്‍
ന്യൂദല്‍ഹി: മലപ്പുറം ജില്ലാക്കോടതി വളപ്പില്‍ ഇന്നലെ ബേസ് മൂവ്മെന്റ് സ്ഫോടനം നടത്തിയ സ്ഥലത്തു നിന്ന് ലഭിച്ച കുറിപ്പില്‍ അഖ്ലാഖിന്റെ പേരും. യുപിയിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്നയാളാണ് മുഹമ്മദ് അഖ്ലാഖ് (52). ഗോമാംസം വീട്ടില്‍ സൂക്ഷിച്ചതിന് അടിച്ചുകൊന്നുവെന്നായിരുന്നു ആരോപണം. പക്ഷെ അഖ്ലാഖും മക്കളും മറ്റും ചേര്‍ന്ന് പശുവിനെ തട്ടിക്കൊണ്ടുവന്ന് കശാപ്പു ചെയ്തുവെന്നാരോപിച്ചാണ് ഗോരക്ഷാ സമിതിക്കാര്‍ പ്രശ്നമുണ്ടാക്കിയത്. സപ്തംബര്‍ 28ന് രാത്രിയിലായിരുന്നു സംഭവം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി.
















