ന്യൂദല്‍ഹി: സിമി ഭീകരരെ ജയില്‍ ചാടാന്‍ സഹായിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. അകത്തുനിന്നും പുറത്തുനിന്നും ഭീകരര്‍ക്ക് സഹായം ലഭിച്ചതായാണ് വിവരം.
ജയില്‍ ചാടിയ ഉടന്‍ ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിച്ചത് പുറത്തു നിന്നുള്ളവര്‍ ഇതില്‍ പങ്കാളികളായതിന്റെ തെളിവാണ്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു.
ജയില്‍ ചാടിയവര്‍ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആഭ്യന്തരമന്ത്രി ഭൂപീന്ദര്‍ സിങ് പറഞ്ഞു. ഭീകരര്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് നടപടിയെ ചോദ്യം ചെയ്യുന്ന കോ ണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് രംഗത്തെത്തി.
ചില രാഷ്ട്രീയ നേതാക്കള്‍ ജവാന്മാരുടെ ബലിദാനം കാണാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭീകരര്‍ കൊലപ്പെടുത്തിയ കോണ്‍സ്റ്റബിള്‍ രാമശങ്കര്‍ യാദവിന് ചൗഹാന് അന്തിമോപചാരമര്‍പ്പിച്ചു. കുടുംബത്തിന് പത്ത് ലക്ഷവും മകളുടെ വിവാഹത്തിന് അഞ്ച് ലക്ഷം രൂപയും നല്‍കും. കോളനിക്ക് രാമശങ്കര്‍ യാദവിന്റെ പേരിടും. ആയിരക്കണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
















