ന്യൂദല്‍ഹി: ഐഎഎസിന് സമാനമായി ഓള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വ്വീസ് രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും സജീവം. ദല്‍ഹി ഹൈക്കോടതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജുഡീഷ്യല്‍ സര്‍വ്വീസ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാജ്യത്തെ കോടതികളുടെ ഭാരം കുറയ്‌ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം കേസുകള്‍ ഫയല്‍ ചെയ്താല്‍ ജുഡീഷ്യറിയുടെ ഭാരം വലിയ അളവില്‍ കുറയ്‌ക്കാനാകും. സര്‍ക്കാര്‍ തന്നെയാണ് കോടതികളിലെ ഏറ്റവും വലിയ വ്യവഹാരി. ജുഡീഷ്യറിക്ക് ഏറ്റവുമധികം സമയം ചെലവഴിക്കേണ്ടിവരുന്നത് സര്‍ക്കാര്‍ കേസുകളിലാണ്. ഈ ഭാരം കുറയ്‌ക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും, മോദി പറഞ്ഞു.ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
















