ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി എംപി ചൗധരി മുനവര്‍ സലീമിന്റെ സഹായി ഫര്‍ഹത് ഖാന്‍ ഇരുപത് വര്‍ഷമായി പാക്ക് ചാരസംഘടന ഐഎസ്‌ഐയുടെ ചാരനാണെന്ന് ദല്‍ഹി പോലീസ്. ഇയാളെ പത്ത് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഫര്‍ഹതിന് പുറമെ ചാരവൃത്തിക്ക് നേതൃത്വം നല്‍കിയ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറുള്‍പ്പെടെ നാല് പേര്‍ നേരത്തെ പിടിയിലായിരുന്നു.
പാക്ക് സ്ഥാനപതി കാര്യാലയം കേന്ദ്രമാക്കിയാണ് ചാരശൃംഖല പ്രവര്‍ത്തിച്ചത്. കാര്യാലയത്തിലെ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ക്കാണ് ഫര്‍ഹത് വിവരങ്ങള്‍ കൈമാറിയിരുന്നത്. എന്തൊക്കെ രേഖകളാണ് ചോര്‍ത്തിയതെന്ന് പരിശോധിക്കുകയാണെന്ന് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് പറഞ്ഞു. 1996 മുതല്‍ നാല് എംപിമാരോടൊപ്പം ഫര്‍ഹത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ പാര്‍ലമെന്റ് സമിതികളിലെ അംഗങ്ങളുമായിരുന്നു. സംഭവത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കുടുംബത്തോടെ ജീവനൊടുക്കുമെന്ന് എംപി ചൗധരി മുനവര്‍ സലീം പറഞ്ഞു.
എംപിമാരും പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകളും സമിതി റിപ്പോര്‍ട്ടുകളും ചോര്‍ത്തി നല്‍കുകയായിരുന്നു ഫര്‍ഹതിന്റെ പ്രധാന ചുമതല. രേഖകളുടെ പ്രധാന്യമനുസരിച്ച് പതിനായിരം മുതല്‍ ഒരു ലക്ഷം വരെ പ്രതിഫലം ലഭിച്ചു. ഫോണിലൂടെയും നേരിട്ടും ഫര്‍ഹത് അക്തറുമായി ബന്ധപ്പെട്ടു. അക്തറിന് മുന്‍പ് ചാരവൃത്തി ഏകോപിപ്പിച്ചിരുന്ന ഷംഷാദ്, ഫയാസ് എന്നിവര്‍ക്കൊപ്പവും ഫര്‍ഹത് പ്രവര്‍ത്തിച്ചു.
അക്തറാണ് ചോദ്യം ചെയ്യലില്‍ ഫര്‍ഹതിന്റെ പങ്ക് വെളിപ്പെടുത്തിയത്. ചാരപ്രവര്‍ത്തനത്തിനായി പാക്ക് സ്ഥാനപതി കാര്യാലയത്തില്‍ ഐഎസ്‌ഐ നിയോഗിച്ച നാല് ഉദ്യോഗസ്ഥരെക്കുറിച്ചും അക്തര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
















