ജംഷഡ്പൂര്‍: കേരളവം ഛത്തീസ്ഗഢും തമ്മില്‍ നടന്ന രഞ്ജി ട്രോഫി മത്സരം സമനിലയില്‍. കേരളമുയര്‍ത്തിയ 328 റണ്‍സ് പിന്തുടര്‍ന്ന ഛത്തിസ്ഗഡ് 249/6 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മത്സരം അവസാനിപ്പിക്കാന്‍ ഇരുനായകന്‍മാരും തീരുമാനിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു.
ഒറ്റയാനായി പൊരുതിയ ഓപ്പണര്‍ ഓപ്പണര്‍ സാഹില്‍ ഗുപ്തയുടെ വീരോചിത ചെറുത്തുനില്‍പ്പാണ് കേരളത്തിന് വിജയം നിഷേധിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 68 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് സാഹില്‍ ഒറ്റക്ക് പൊരുതി സമനില നേടിക്കൊടുത്തത്.
334 പന്ത് നേരിട്ട സാഹില്‍ 14 ബൗണ്ടറികളടക്കം പുറത്താകാതെ 123 റണ്‍സ് നേടി. നാലാം രഞ്ജി സീസണ്‍ കളിക്കുന്ന ഗുപ്തയുടെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. 78 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
115 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത അശുതോഷ് സിങ്ങ് മാത്രമാണ് സാഹിലിന് അല്പമെങ്കിലും പിന്തുണ നല്‍കിയത്. അമന്‍ദീപ് ഖാരെ 50 പന്തില്‍ നിന്ന് 20 ഉം മനോജ് സിങ്ങ് 15 ഉം വിശാല്‍ 16ഉം റണ്‍സെടുത്തു. 41 പന്തുകളില്‍ നിന്ന് നാല് റണ്‍സെടുത്ത സുമിത് റുയികര്‍ സാഹിലിനൊപ്പം പുറത്താകാതെ നിന്നു.
കേരളത്തിനുവേണ്ടി ഇഖ്ബാല്‍ അബ്ദുള്ളയും ജലജ് സക്‌സേനയും രണ്ടും സന്ദീപ് വാര്യരും മനോനിഷും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
















