ശ്രീനഗര്‍: കശ്മീരില്‍ സ്കൂളുകള്‍ക്കെതിരായ താലിബാന്‍ മോഡല്‍ ആക്രമണം തുടരുന്നു. ഞായറാഴ്ച ഒരു സ്‌കൂള്‍കൂടി അക്രമികള്‍ അഗ്‌നിക്കിരയാക്കി. അനന്ത്‌നാഗ് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയമാണ് അക്രമികള്‍ തീവച്ചുനശിപ്പിച്ചത്. മൂന്നു മാസത്തിനിടെ കശ്മീരില്‍ അഗ്‌നിക്കിരയാക്കുന്ന 25മത് സ്‌കൂളാണ് ഇത്.
ശ്രീനഗറിനടുത്ത ഗോരിപുരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂള്‍ കഴിഞ്ഞദിവസം അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കിയതിനെ തുടര്‍ന്ന് 5000ല്‍ അധികം കുട്ടികളുടെ പഠനമാണ് പെരുവഴിയിലായിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍, മിഡില്‍, പ്രൈമറി സ്‌കൂള്‍, ജവഹര്‍ നവോദയാ വിദ്യാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്കുനേരെയാണ് തീവയ്‌പും ബോംബ് ആക്രമണങ്ങളും നടക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്‌കൂളുകള്‍ക്കു നേര്‍ക്ക് ആക്രമണം നടത്തിയിരുന്ന അതേ മാതൃകയിലാണ് കശ്മീരിലും ഭീകരര്‍ സ്‌കൂളുകള്‍ ലക്ഷ്യമാക്കുന്നത്.
ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. 112 ദിവസമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ 92 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
















