
കണ്ണൂര്‍: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകളെ കാലാകാലങ്ങളായി നയിക്കുന്നത് ദേശവിരുദ്ധ നിലപാടുകളാണെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന ആര്‍എസ്എസ് ജില്ലാ സാംഘിക്കിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1917 ല്‍ റഷ്യയില്‍ നടന്ന വിപ്ലവത്തിന് ശേഷമാണ് ലോകത്താകമാനം കമ്മ്യൂണിസം വ്യാപിച്ചത്. ഇന്ത്യയിലും ഇതേ സാഹചര്യത്തില്‍ തന്നെയാണ് കമ്മ്യൂണിസത്തിന്റെ പ്രവര്‍ത്തനം സജീവമായതെന്ന് കാണാന്‍ സാധിക്കും. എന്നാല്‍ ഇന്ന് കമ്മ്യൂണിസം ലോകത്തിന്റെ നാനാഭാഗത്തുനിന്നും തുടച്ചുമാറ്റപ്പെട്ട നിലയിലാണ്. ഇതിന് കാരണം കമ്മ്യൂണിസം നിലനിന്നിരുന്നത് അവരുടെ ഉന്‍മൂലന സിദ്ധാന്തത്തിന്റെയും രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏതാനും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയെങ്കില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സാധിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ്. ഉന്‍മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് എത്രകോടി ജനങ്ങളെ കൊന്നുവെന്ന അന്വേഷണമാണ് ഇന്ന് നടക്കുന്നത്. ലോക കമ്മ്യൂണിസത്തിന്റെ അതേ നയങ്ങളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെയും നയിക്കുന്നത്. കള്ളപ്രചാരണങ്ങളും അക്രമവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. ഹ്രസ്വകാലത്തേക്കെങ്കിലും ഇവരുടെ കള്ളപ്രചാരണങ്ങള്‍ വിജയം കണ്ടെങ്കിലും ഇന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. ലോക രാഷ്‌ട്രങ്ങളെല്ലാം തന്നെ കമ്മ്യൂണിസത്തെ പടിയടച്ച് പിണ്ഡം വെച്ചതായി നമുക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്‌ട്രങ്ങളായി വിഭജിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യമുന്നയിച്ചപ്പോള്‍ ഭാരതത്തിലെ മുഴുവന്‍ സംഘടനകളും അതിനെ ശക്തിയുക്തം എതിര്‍ത്തു. എന്നാല്‍ 1940 ല്‍ കമ്മ്യൂണിസ്റ്റ് കേന്ദ്ര കമ്മറ്റി പാസ്സാക്കിയ പ്രമേയത്തില്‍ ഭാരത വിഭജനത്തെ അനുകൂലിക്കുകയായിരുന്നു. ഇന്ത്യ ഒരു രാജ്യമല്ലെന്നും 17 രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്നുമായിരുന്നു അവരുടെ വാദം. 1947 ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. ആഗസ്ത് 15 നെ ആപത്ത് 15 ആയി ഇവര്‍ വര്‍ഷങ്ങളോളം ആചരിക്കുകയും ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഭാരതം ആണവശക്തിയായപ്പോള്‍ ഇന്ത്യയിലെ നൂറുകോടി ജനങ്ങള്‍ ആത്മാഭിമാനം കൊണ്ട സമയത്ത് സിപിഎം പറഞ്ഞത് ഭാരതത്തിന് വേണ്ടത് ആണവശക്തിയല്ലെന്നാണ്. എന്നാല്‍ ചൈന ആണവ പരീക്ഷണം നടത്തിയപ്പോള്‍ അവര്‍ പറഞ്ഞത് പുഞ്ചിരിക്കുന്ന ചൈനയെന്നാണ്. ഈ രാജ്യദ്രോഹ നിലപാട് ആത്മാഭിമാനമുള്ള ഭാരതീയന് ഒരിക്കലും പൊറുക്കാനാവില്ല. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോള്‍ ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശത്തിനു വേണ്ടിയാണ് യുദ്ധം നടക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ വി.എസ്.അച്ചുതാനന്ദനെതിരെ നേതൃത്വം ആദ്യ നടപടിയെടുത്തത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിനാണ്. പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രചരണത്തിനിടയില്‍ എന്നും പാക്ക് അനുകൂല നിലപാടെടുത്ത പ്രസ്ഥാനമാണ് സിപിഎം. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. കാശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ അവകാശവാദമുന്നയിക്കുമ്പോള്‍ സിപിഎം ഇന്നും പറയുന്നത് ഇരുരാജ്യങ്ങളും യോജിച്ച് നിന്ന് ചര്‍ച്ച ചെയ്യണമെന്നാണ്. ഇത് പാക്കിസ്ഥാന്റെ നിലപാടിന് തുല്യമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെട്ട് ലോകത്തിന് മുന്നില്‍ തലകുനിച്ചു നിന്ന പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാനായത് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും സോണിയാ ഗാന്ധിയുടെയും നിലപാടുകളാണ്. കാര്‍ഗിലില്‍ ഭാരതം തോറ്റു എന്നാണ് ഇവര്‍ അന്ന് പറഞ്ഞത്. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നുള്ള നിലപാടാണ് പാക്കിസ്ഥാന്. ഇതു തന്നെയാണ് സിപിഎമ്മും പറയുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മോദി പറഞ്ഞത് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തില്‍ ബലൂചികളെ ഇന്ത്യ പിന്തുണക്കുമെന്നാണ്. എന്നാല്‍ ബലൂച് പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയമാണെന്നാണ് പാക്ക് നിലപാട്. ഇതുതന്നെയാണ് സിപിഎം നിലപാടും. നിരവധി രാജ്യദ്രോഹക്കേസുകളില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ സ്വീകരിക്കാന്‍ അരഡസന്‍ മന്ത്രിമാരെ അയച്ച പാര്‍ട്ടിയാണ് സിപിഎം. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തുടച്ചുനീക്കപ്പെട്ട് കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം പാര്‍ട്ടി ഒതുങ്ങിപ്പോയെങ്കില്‍ ഇതിന് പിന്നില്‍ രൂപീകരണം മുതല്‍ ഇവര്‍ അനുവര്‍ത്തിച്ചുവന്ന ഉന്മൂലന സിദ്ധാന്തവും രാഷ്‌ട്രവിരുദ്ധ നിലപാടികളുമാണെന്നും അദ്ദേഹം പറഞ്ഞു.
റിട്ടയേര്‍ഡ് കേണല്‍ ഡോക്ടര്‍ പി.പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സഹപ്രാന്ത സംഘചാലക് കെ.കെ.ബാലറാം, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കാര്യവാഹ് കെ.പ്രമോദ് സ്വാഗതം പറഞ്ഞു.
പഥസഞ്ചലനം കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച് ബാങ്ക് റോഡ്, ഫോര്‍ട്ട് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, കാള്‍ടെക്‌സ് വഴി കലക്ടറേറ്റ് മൈതാനിയില്‍ സമാപിച്ചു. പൂര്‍ണ ഗണവേഷധാരികളായ നൂറുകണക്കിന് സംഘസ്വയംസേവകര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. സമാപനപൊതു പരിപാടിയില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു.
തളിപ്പറമ്പില്‍ നടന്ന പഥസഞ്ചലനം കപാലിക്കുളങ്ങര ക്ഷേത്രസമീപത്തു നിന്നും ആരംഭിച്ച് പൂക്കോത്ത് നടക്ക് സമീപം സമാപിച്ചു. തസപ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സംഘചാലക് നാരായണന്‍ വായാട്ട് അധ്യക്ഷത വഹിച്ചു.
















