കേരളത്തിലെ സഖാക്കള്‍ക്ക് കുരുപൊട്ടിയ ദിവസമായിരുന്നു ഒക്‌ടോബര്‍ 27. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കലിതുള്ളി അവരുടെ ഒക്‌ടോബര്‍ വിപ്ലവസ്മരണ ഒതുക്കി. കണ്ണൂരില്‍ പി. ജയരാജന്‍ ആര്‍എസ്എസിനെ തീര്‍ത്തേ അടങ്ങൂ എന്നാണ് പ്രസ്താവിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ജില്ലാ കളക്ടറോട് ആജ്ഞാപിക്കുന്ന കത്തും കൈമാറി. ജില്ലയില്‍ 25 ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ജയരാജന്‍ കണ്ടുപിടിച്ചിരിക്കുന്നു. കൂടാതെ 20 സ്‌കൂളിലും 13 സര്‍ക്കാര്‍ സ്ഥലങ്ങളിലും ശാഖകളുടെ മറവില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടക്കുന്നുപോലും. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ജയരാജന്‍ ആര്‍എസ്എസിന്റെ കണക്കെടുക്കാനും അതിന്റെ അംഗങ്ങളെ കൊന്നുതീര്‍ക്കാനും ക്വൊട്ടേഷനെടുത്തപോലുണ്ട്.
ക്ഷേത്രങ്ങളില്‍ മതപ്രഭാഷണം നടത്തുന്നതും ജയരാജന് അലര്‍ജിയാണ്. അത് അവസാനിപ്പിക്കാനും ജയരാജന്‍ ജില്ലാ പോലീസിനും കളക്ടര്‍ക്കും തിട്ടൂരം നല്‍കിയിരിക്കുന്നു. സംശയം വേണ്ട. കളക്ടറും പോലീസും ജയരാജന്റെ നിര്‍ദ്ദേശം അനുസരിച്ച് ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കും. അറസ്റ്റുചെയ്യും. കണ്ണൂര്‍ ജയിലിലിടും. പിന്നത്തെ കാര്യം ജയരാജന്‍ നോക്കിക്കോളും. ക്രിമിനല്‍ കേസില്‍ പ്രതിയായ ജയരാജന്‍ ജയില്‍ ഉപദേശകസമിതി അംഗമാണ്. സിപിഎം വഴി കൊടുംക്രിമിനലായവരെയെല്ലാം തേടിപ്പിടിച്ച് കണ്ണൂര്‍ ജയിലിലേക്കെത്തിക്കുകയാണ്.
ജയരാജന് ഇഷ്ടമില്ലാത്തവരെ അവര്‍ നോക്കിക്കോളും.
ചുണയുണ്ടെങ്കില്‍ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നെങ്കില്‍ അതൊന്ന് തെളിയിക്കണം. പിന്നെ, ക്ഷേത്രങ്ങളിലെ ആയുധം! ആയുധമില്ലാത്ത ഒരു ഹിന്ദുദൈവവുമില്ല സഖാവേ. പറശ്ശിനിക്കടവുമുതല്‍ ആണ്ടലൂര്‍ കാവുവരെ (എല്ലാം സഖാക്കളുടെ കേന്ദ്രം) ആയുധങ്ങളുണ്ട്. തിരുവപ്പനയ്‌ക്ക് അമ്പും വില്ലുമാണെങ്കില്‍ വെള്ളാട്ടത്തിന് ഒന്നാന്തരം വാളുമുണ്ട്. ശിവനായാലും കൃഷ്ണനായാലും ദുര്‍ഗയായാലും ആയുധമില്ലാതെ ഇവരെ സങ്കല്‍പിക്കാനാവില്ല. ഇത്തരം ആയുധങ്ങളെല്ലാം പിടിച്ചെടുക്കാന്‍ തന്റേടമുണ്ടോ? ക്ഷേത്രങ്ങളിലെ മത പ്രഭാഷണങ്ങള്‍ തടയണമെന്ന് വലിയവായില്‍ ആവശ്യപ്പെടുന്ന ജയരാജന്‍ ചില മദ്രസകളിലെ അനാശാസ്യങ്ങളെ എതിര്‍ക്കാനാവുമോ? വെള്ളിയാഴ്ചകളിലെയും ഞായറാഴ്ചകളിലേയും പള്ളിപ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുമോ?
ജയരാജന്‍ കണ്ണൂരില്‍ ആര്‍എസ്എസിനെ തീര്‍ത്തേ അടങ്ങൂവെന്ന് വാശിപിടിക്കുമ്പോള്‍ ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടെത്തിയത്. ‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളിത്തിരിക്കും’ എന്നപോലെയാണ് ബാലകൃഷ്ണന്റെ വിലയിരുത്തല്‍. അസംബന്ധം എന്നല്ലാതെ മറ്റെന്തുപറഞ്ഞയാണ്. ബാലകൃഷ്ണന് ഐഎസ് എന്തെന്നും ആര്‍എസ്എസ് എന്തെന്നും നിശ്ചയമില്ല. പിണറായിയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘ആര്‍എസ്എസിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല’ സഖാക്കള്‍ക്ക്.
ഭാരതത്തിലാകെ 687 ജില്ലകളുണ്ട്. അവിടെയെല്ലാം ആര്‍എസ്എസ് ഉണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം സ്വാധീനമുള്ള സിപിഎം സര്‍വ്വ വ്യാപിയായ ആര്‍എസ്എസിനെ തീര്‍ത്തുകളയുമെന്ന് വാശിപിടിച്ചാല്‍ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂ. കണ്ണൂരില്‍ ജയരാജനും ആലപ്പുഴയില്‍ കോടിയേരിയും മിടുക്കുകാട്ടുമ്പോള്‍ നിയമസഭയിലെ സഖാക്കള്‍ക്ക് അനങ്ങാതിരിക്കാനാകുമോ? അവരും മിടുക്കുകാട്ടി. അന്ന് നിയമസഭയില്‍ സംസാരിച്ചവരെല്ലാം ആര്‍എസ്എസിനെതിരെ മൂഷ്‌ക്ക് കാട്ടുകയായിരുന്നു. ഒരു സഖാവെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ ആര്‍എസ്എസിനെതിരെ പൊരുതുമെന്ന് വീമ്പടിച്ചവരുണ്ട്.
ലോകത്തിലെ ഏറ്റവും ബൃഹത്തായ സന്നദ്ധ സംഘടനയാണ് സര്‍ ആര്‍എസ്എസ്. ധര്‍മ്മാധിഷ്ഠിത സാമൂഹിക ജീവിതത്തിന്റെയും രാഷ്‌ട്രത്തിന്റെ പരംവൈഭവത്തിനും പരിപാലനത്തിനും സാമൂഹിക സമരസതയ്‌ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആര്‍എസ്എസ് എന്ന് കോടതികള്‍ അംഗീകരിച്ചതാണ്.
വിഭജനത്തെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയലഹളിയില്‍ എല്ലാം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ഭാരതീയ സഹോദരന്മാര്‍ക്ക് ആശ്വാസം നല്‍കുവാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണ് സംഘം നടത്തിയത്.
ഗാന്ധിവധത്തെ തുടര്‍ന്ന് ദുഷ്ടലാക്കോട്ടെ ഭരണകൂടം സംഘത്തെ നിരോധിച്ചു. അവര്‍തന്നെ നിയമിച്ച കപൂര്‍ കമ്മീഷന്‍ ഗാന്ധിവധത്തില്‍ സംഘത്തിന് യാതൊരു പങ്കുമില്ലായെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സര്‍ക്കാരിന് നിരോധനം നിരുപാധികം പിന്‍വലിക്കേണ്ടിവന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കുകയും സംഘത്തിന്റെ നിരപരാധിത്വം ഒന്നുകൂടി തെളിയുകയും ചെയ്തു.
ദാദ്ര, നാഗര്‍ഹവേലി ദ്വീപുകള്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നു മോചിപ്പിക്കുന്നതിന് ആര്‍എസ്എസ് വലിയ പങ്കുവഹിച്ചു.
ഗോവ വിമോചനസമരം നയിച്ച ആര്‍എസ്എസ് നേതാവ് ജഗന്നാഥറാവുജോഷിയെ ജയിലിലടച്ചു. തുടര്‍ന്ന് സത്യാഗ്രഹികളുടെ നേര്‍ക്ക് പോര്‍ച്ചുഗീസ് പോലീസ് നടത്തിയ വെടിവെയ്‌പ്പില്‍ 30 ലധികം പേര്‍ കൊല്ലപ്പെട്ടു.
1962-ലെ ഇന്ത്യാ-ചൈന യുദ്ധസമയത്ത് സൈന്യത്തിന്റെ രണ്ടാം നിരയെന്നരീതിയില്‍ ആര്‍എസ്എസുകാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1963-ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുവാന്‍ സംഘത്തെ ക്ഷണിച്ചു. പൂര്‍ണ്ണവേഷധാരികളായ മൂവായിരം പേര്‍ പരേഡില്‍ പങ്കെടുത്തു.
1965-ലെ ഭാരത- പാക്കിസ്ഥാന്‍ യുദ്ധസമയത്ത് പോലീസ്‌സേന യുദ്ധരംഗത്തെ പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രി ആര്‍എസ്എസ് പ്രവര്‍ത്തകരെ ദല്‍ഹിയുടെ ട്രാഫിക് നിയന്ത്രണത്തിന്റെ പൂര്‍ണചുമതലയേല്‍പ്പിച്ചു.
1975 ല്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യ ഭരണം നടത്തിയപ്പോള്‍ ഭാരതത്തിനകത്തും പുറത്തും അടിച്ചമര്‍ത്തലിനെതിരെ പ്രചണ്ഡമായ പ്രചാരണം സംഘടിപ്പിച്ചു. സംഘത്തെ നിരോധിച്ചു. ഭാരതം മുഴുവന്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സഹനസമരത്തിലൂടെ സത്യഗ്രഹം നടത്തി ജയിലുകള്‍ നിറച്ചു. ക്രൂരമായ മര്‍ദ്ദനങ്ങളേറ്റുവാങ്ങിയ നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗത്യന്തരമില്ലാതെ ഇന്ദിരാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടിവന്നു.
മഹാത്മാഗാന്ധി 1934 ല്‍ വാര്‍ധയിലെ സംഘശിബിരം സന്ദര്‍ശിച്ചപ്പോള്‍ സംഘത്തിന്റെ സാമൂഹികസമത്വം മനസ്സിലാക്കിയ ഇങ്ങനെ അഭിപ്രായപ്പെട്ടു, ”രാഷ്‌ട്രീയ സ്വയംസേവകസംഘാംഗങ്ങള്‍ ജാതിചിന്തയില്ലാതെ, ഉച്ചനീചവികാരം കൂടാതെ, തീണ്ടലും തൊടീലും ഇല്ലാതെ എല്ലാ വിഭാഗം ഹിന്ദുക്കളെയും ഏകോദരസഹോദരങ്ങളെപ്പോളെ ശിബിരത്തില്‍ പങ്കെടുക്കുന്നതു കാണാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.” ഡോ. അംബേദ്ക്കര്‍ 1939 ല്‍ പൂനയിലെ സംഘശിബിരം സന്ദര്‍ശിച്ചപ്പോഴും ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി.
ഹിന്ദുവിനെ മാത്രമല്ല, ഭാരതം സ്വന്തം നാടാണെന്നു കരുതുകയും അതിന്റെ ചരിത്രത്തിലും പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളുകയും ചെയ്യുന്ന എല്ലാ മതസ്ഥരെയും സംഘം സ്വാഗതം ചെയ്യുന്നു.
മതം ആത്മസാക്ഷാത്കാരത്തിനുള്ള ഉപാധിയാണെന്നും ഏത് മതവിശ്വാസിയായാലും സമസൃഷ്ടിസ്‌നേഹവും ജനിച്ച നാടിനോടുള്ള കൂറും ഒരു പൗരന് അനിവാര്യമാണെന്നും സംഘം കരുതുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രീണനമോ വിദ്വേഷമോ അവഗണനയോ പ്രത്യേക പരിഗണനയോ പ്രകടിപ്പിക്കുന്നതിനെ സംഘം അനുകൂലിക്കുന്നില്ല.
1971 ല്‍ ഒറീസയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിലും, 1977 ലെ ആന്ധ്ര ചുഴലിക്കാറ്റിലും, 1984 ലെ ഭോപ്പാല്‍ വാതകദുരന്തത്തിലും, 2001 ലെ ഗുജറാത്ത് ഭൂകമ്പത്തിലും, 2004 ലെ സുനാമി കടല്‍ക്ഷോഭത്തിലും, 2006 ല്‍ സൂറത്തിലും, കര്‍ണാടകയിലും ആന്ധ്രയിലും ഉണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും, 2013 ലെ ഉത്തരാഖണ്ഡിലെ ഉരുള്‍പൊട്ടലിലും പതിനായിരക്കണക്കിനാളുകള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ എല്ലാം നഷ്ടപ്പെട്ട് അശരണരായിത്തീരുകയും ചെയ്ത അവസരങ്ങളിലെല്ലാം ആര്‍എസഎസിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ നിസ്തൂലമായ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും മാധ്യമങ്ങളും, സാമാന്യജനങ്ങളും പ്രകീര്‍ത്തിക്കുകയുണ്ടായി.
ഏറ്റവും ഒടുവില്‍ തൊട്ടയല്‍പക്കരാജ്യമായ നേപ്പാള്‍, ഭൂകമ്പവും പേമാരിയും ഉരുള്‍പൊട്ടലും വിതച്ച ദുരന്തത്തില്‍ അന്ധാളിച്ചുനിന്നപ്പോള്‍ പട്ടാളം പോലും പകാന്‍ മടിച്ചുനിന്ന ഉള്‍നാടന്‍ മലമ്പ്രദേശങ്ങളില്‍ കടന്നുചെന്ന് ആര്‍എസ്എസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ലോകം അത്ഭുതത്തോടെയാണ് നോക്കികണ്ടത്.
ക്യാമറയുടെ വെള്ളിവെളിച്ചമില്ലാതെ മാധ്യമങ്ങളുടെ പിന്തുണയില്ലാതെ നാടിന്റെ ഏതുമുക്കിലും മൂലയിലുമുണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ അപകടങ്ങളിലും ദുരന്തങ്ങളിലും ആശ്വാസമായി ആര്‍എസ്എസ് എത്തുന്നു. പേരിനും പ്രശസ്തിക്കും കാത്തുനില്‍ക്കാതെ സഹജീവികളുടെ ദുഃഖമകറ്റാനുള്ള സദാസന്നദ്ധത പ്രകടിപ്പിച്ച് രംഗത്തിറങ്ങുന്നവരെ ഐഎസിനോടുപമിക്കുന്നത് ആ ഭീകരകൂട്ടത്തെ വെള്ളപൂശാനാണ്. സിപിഎം എക്കാലത്തും ചെയ്തുപോരുന്നതും അതാണല്ലോ.
















