ഗുവാഹതി: ഐഎസ്എല്ലില്‍ ഇന്ന് കിഴക്കിന്റെ പോരാട്ടം. മുന്‍ ചാമ്പ്യന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും മുഖാമുഖമെത്തുമ്പോള്‍ പ്രവചനം അസാധ്യം. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ടീമുകളുടെ പടയൊരുക്കം.
നോര്‍ത്ത്ഈസ്റ്റ് പത്തു പോയിന്റുമായി രണ്ടാമതും അത്‌ലറ്റിക്കോ ഒമ്പതു പോയിന്റോടെ മൂന്നാമതും നില്‍ക്കുന്നു. തോല്‍വിയറിയാതെ മുന്നേറിയ അത്‌ലറ്റിക്കോയെ കഴിഞ്ഞ മത്സരത്തില്‍ മുംബൈ കീഴടക്കി. സ്വന്തം മൈതാനത്താണിതെന്നത് അവര്‍ക്ക് തിരിച്ചടിയായി. നോര്‍ത്ത്ഈസ്റ്റിനും കഴിഞ്ഞ കളിയില്‍ തോല്‍വി പിണഞ്ഞു, ചെന്നൈയിന്‍ എഫ്‌സിയോട്.
ഇരുടീമുകളും നാല് തവണ പരസ്പരം മാറ്റുരച്ചതില്‍ രണ്ടു തവണ വീതം രണ്ടു ടീമുകളും ജയിച്ചു. അത്‌ലറ്റിക്കോ ആദ്യ സീസണിലും നോര്‍ത്ത് ഈസ്റ്റ് രണ്ടാം സീസണിലും ജയം കണ്ടു.
ഇതുവരെ സെമിഫൈനലില്‍ സ്ഥാനം പിടിക്കാന്‍ കഴിയാത്ത നോര്‍ത്ത്ഈസ്റ്റ് ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങള്‍ മികച്ച നിലയിലാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ ഇതിനു മുന്‍പ് ചെന്നൈയിനോട് തോറ്റത് തിരിച്ചടിയായി.
ടീം മികച്ച പ്രകടനം നടത്തുന്നുവെങ്കിലും ചില മേഖലയില്‍ മെച്ചപ്പെടാനുണ്ടെന്ന് നോര്‍ത്ത്ഈസ്റ്റ് പരിശീലകന്‍ നെലോ വിന്‍ഗാഡ പറഞ്ഞു.
കഴിഞ്ഞ കളിയില്‍ അപമര്യാദയായി പെരുമാറിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍ ഹോസെ മൊളിനോയ്‌ക്ക് ഇന്നത്തെ മത്സരം നഷ്ടമാകും. മുംബൈയ്‌ക്കെതിരായ കളിയില്‍ ഇഞ്ചുറി സമയത്താണ് മൊളീനോ അതിരുവിട്ടത്. ഫീല്‍ഡ് റഫറിയോട് കയര്‍ക്കുകയായിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അടിയന്തര യോഗമാണ് സസ്‌പെന്‍ഷന്‍ തീരുമാനമെടുത്തത്.
ദല്‍ഹി-പൂനെ സമനില
ന്യൂദല്‍ഹി: ഐഎസ്എല്ലില്‍ ദല്‍ഹി ഡൈനാമോസും പൂനെ സിറ്റിയും സമനിലയില്‍ (1-1). സ്വന്തം മൈതാനത്ത് പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചാണ് ദല്‍ഹി സമനില കണ്ടെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ടാറ്റൊയിലൂടെ മുന്നിലെത്തിയ പൂനെയെ, 79ാം മിനിറ്റില്‍ മിലന്‍ സിങ്ങിലൂടെ പിടിച്ചുനിര്‍ത്തി ദല്‍ഹി. ആറു കളികളില്‍ ഏഴു പോയിന്റുമായി ദല്‍ഹി ആറാമത്. ആറു കളികളില്‍ ആറു പോയിന്റുള്ള പൂനെ ഏഴാമത്.
















