ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. കശ്മീരിലെ ഹിരാനഗര്‍ സെക്ടറിലെ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. ഭാരതം നടത്തിയ പ്രത്യാക്രമണത്തില്‍ പാക്ക് റെയ്ഞ്ചര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍സ്റ്റബിള്‍ ഗുര്‍ണാം സിങിനാണ് പരുക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിരാനഗറിലെ ബോബിയയില്‍ ഇന്നുരാവിലെ 9.35നാണ് യാതൊരു പ്രകോപനവും കൂടാതെ പാക്ക് റേഞ്ചേഴ്‌സ് ഭാരത സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തത്.
തോക്കുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക്ക് സൈന്യം ആക്രമണം നടത്തിയതെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.കെ.ഉപാധ്യായ പറഞ്ഞു.
രജൗറിയില്‍ കഴിഞ്ഞ രാത്രിയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 മണിക്കൂറായി ഇരു പക്ഷത്തേക്കും ശക്തമായ വെടിവയ്‌പ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ കടന്ന് ഭാരതം നടത്തിയ മിന്നലാക്രമണത്തിനുശേഷം 32 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് കണക്ക്.
















