ന്യൂദല്‍ഹി: മുത്തലാക്ക് വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മതസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനുമെതിരായ നടപടിയാണ് മുത്തലാക്ക് നിരോധിക്കുന്നതെന്നും ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുത്തലാക്ക് നിരോധിക്കുന്നത് ജുഡീഷ്യല്‍ നിയമനിര്‍മ്മാണത്തിന് സമമാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ശരീയത്ത് നിയമങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. മുത്തലാക്ക് സമ്പ്രദായം തുടരണം. ഇത് മതഗ്രന്ഥമായ ഖുറാനില്‍ പറയുന്നുണ്ട്.
മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം പുരോഹിതര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ നിലപാട് മുസ്ലിം വിരുദ്ധമാണെന്ന് ബറേലി, ദേവബന്ദി വിഭാഗത്തിലെ പുരോഹിതര്‍ ആരോപിച്ചു.
സത്യവാങ്മൂലം സമര്‍പ്പിക്കും മുന്‍പ് സര്‍ക്കാര്‍ പുരോഹിതരുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ജമാ അത്ത് റാസ ഇ മുസ്തഫ ജനറല്‍ സെക്രട്ടറി മൗലാന ഷഹാബുദ്ദീന്‍ റാസ്‌വിയും മുത്തലാഖ് ഇസ്ലാമില്‍ അനുവദനീയമാണെന്ന് മൗലാന അസ്ജദ് റാസ ഖദ്രിയും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒരു ഡസനിലേറെ മുസ്ലിം രാജ്യങ്ങള്‍ നിയമത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തിയ മുത്തലാഖ് മതേതര രാജ്യമായ ഭാരതത്തില്‍ നിരോധിക്കുന്നതില്‍ എന്താണ് തടസ്സമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാക്കിസ്ഥാന്‍, ടുണീഷ്യ, മൊറോക്കോ, ഇറാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ മുത്തലാഖിന് നിയന്ത്രണമുണ്ട്.
ഇത് ശരി അത്ത് നിയമങ്ങള്‍ക്കെതിരാണെന്ന് പരാതിയില്ലാത്തവര്‍ മതേതര രാജ്യമായ ഭാരതത്തില്‍ മുത്തലാഖ് നിരോധിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ശരിയല്ല. ലിംഗസമത്വവും സ്ത്രീകളുടെ ആത്മാഭിമാനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
















