ന്യൂദല്‍ഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തി ഭാരതവും മ്യാന്‍മാറും മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു. ഊര്‍ജ്ജ മേഖലയുമയും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് മേഖലയുമായും ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മ്യാന്മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പു വച്ചത്.
ഒരു പഴയ സുഹൃത്തിനെ തന്റെ രണ്ടാമത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി മോദി ആങ് സാന്‍ സൂകിയെ സ്വീകരിച്ചത്. പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ട മേഖലകളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. മ്യാന്മാറിന്റെ വികസനത്തിന് താങ്ങായി ഭാരതം ഉണ്ടാകുമെന്ന് നരേന്ദ്രമോദി സൂകിക്ക് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ഇരു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കണമെന്നും മോദി പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഭാരതത്തെ മ്യാന്മാര്‍ ആരാധിക്കുന്നുവെന്നും ഏറെനാളത്തെ അസ്ഥിരതയ്‌ക്ക് ശേഷം മ്യാന്മറില്‍ സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും സൂകി പറഞ്ഞു.
നാല് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സൂകി ഇന്ന് മ്യാന്മറിലേക്ക് മടങ്ങും.
















