ന്യൂദല്‍ഹി: മുത്തലാഖ് നിരോധിക്കാന്‍ സുപ്രീംകോടതിക്ക് അവകാശമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വീണ്ടും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുസ്ലീം സ്ത്രീകളുടെ വിവാഹം, വിവാഹമോചനം, ജീവനാംശം എന്നീ കാര്യങ്ങളില്‍ സുപ്രീംകോടതി തീരുമാനമെടുത്താല്‍ അത് ജുഡീഷ്യല്‍ നിയമനിര്‍മാണത്തിനും മത സ്വാതന്ത്ര്യനുള്ള മൗലികാവകാശ ലംഘനവുമാകുമെന്ന് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നിയമനിര്‍മാണ നയത്തിന്റെ പരിധിയില്‍ വരുന്നതാണ്. മാത്രമല്ല, മതനിയമങ്ങള്‍ ഭരണഘടന ഉറപ്പാക്കുന്ന സമത്വത്തിന് എതിരാണെന്ന വാദം അംഗീകരിക്കാനാവില്ല. സാമൂഹ്യപരിവര്‍ത്തനമെന്ന പേരില്‍ മതനിയമം മാറ്റുന്നത് മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 25, 26, 29 എന്നീ അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബോര്‍ഡ് വാദിക്കുന്നു. മത ഗ്രന്ഥങ്ങളുടെ വിശുദ്ധത കോടതിയിലല്ല തീരുമാനിക്കേണ്ടതെന്നും കോടതികള്‍ ഇവയ്‌ക്ക് വ്യാഖ്യാനം നല്‍കുന്നത് ഉചിതമല്ലെന്നും സത്യവാങ്മൂലം പറയുന്നു.
മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി നേരത്തെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അഭിപ്രായം തേടിയിരുന്നു. ശരിയത്ത് നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. എന്നാല്‍ മുത്തലാഖ് നിയമത്തെ അനുകൂലിച്ച കേന്ദ്രസര്‍ക്കാര്‍ ഈ സമ്പ്രദായം തുല്യനീതിക്കുള്ള അവകാശം ഹനിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് വീണ്ടും സുപ്രീംകോടതിയെ അഭിപ്രായം അറിയിച്ചത്.
















