ധര്‍മ്മശാല: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 101 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നില്‍.
81 പന്തില്‍ പുറത്താകാതെ 85 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ മികച്ച ഇന്നിങ്ങ്‌സാണ് ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ അജിന്‍ക്യ രഹാനെ (33), ക്യാപ്റ്റന്‍ ധോണി (21) എന്നിവരും തരക്കേടില്ലാതെ ബാറ്റ്‌വീശി. 14 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 17 റണ്‍സെടുത്ത മനീഷ് പാണ്ഡെ, എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഇന്ത്യന്‍ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നിലാണ് തകര്‍ന്നത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ അമിത് മിശ്രയും അരങ്ങേറ്റക്കാരന്‍ ഹാര്‍ദിക് പാണ്ഡയും ചേര്‍ന്നാണ് അവരെ ചുരുട്ടിക്കെട്ടിയത്. പുറത്താകാതെ 79 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥമും 55 റണ്‍സെടുത്ത പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സൗത്തിയും ചേര്‍ന്നാണ് കിവി സ്‌കോര്‍ 190-ല്‍ എത്തിച്ചത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ധോണിയുടെ തീരുമാനം ന്യായീകരിക്കുന്ന തരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പന്തെറിഞ്ഞതോടെ തുടക്കത്തില്‍ തന്നെ ന്യൂസിലാന്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങി. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സായപ്പോഴേക്കും ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റലിനെയും (12) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും (3) റോസ് ടെയ്‌ലറെയും (0) കിവികള്‍ക്ക് നഷ്ടമായി. വില്ല്യംസണെയും ടെയ്‌ലറെയും ഉമേഷ് യാദവും ഗുപ്റ്റിലിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി. പിന്നീട് നാല് റണ്‍സെടുത്ത കോറി ആന്‍ഡേഴ്‌സണെയും റണ്ണൊന്നുമെടുക്കാതെ ലൂക്ക് റോഞ്ചിയെയും പാണ്ഡ്യ മടക്കിയതോടെ കിവികള്‍ അഞ്ചിന് 48 എന്ന നിലയില്‍.
അടുത്തത് കേദാര്‍ ജാദവിന്റെ ഊഴം. 19-ാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ നീഷമിനെയും (10) സാന്റ്‌നറിനെയും (0) മടക്കിയതോടെ 7ന് 65 എന്ന നിലയിലേക്ക് തകര്‍ന്നു. ഇതിനിടയിലും ഒരറ്റത്ത് വിക്കറ്റുപോവാതെ കാത്ത ടോം ലാഥം മികച്ച പ്രകടനം നടത്തി. എട്ടാം വിക്കറ്റില്‍ ബ്രെയ്‌സ്‌വെല്ലിനെ (15) കൂട്ടുപിടിച്ച് ലാഥം സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 106-ല്‍ എത്തിയപ്പോള്‍ ബ്രെയ്‌സ്‌വെല്‍ അമിത് മിശ്രക്ക് വിക്കറ്റ് സമ്മാനിച്ചു. അതിനുശേഷമായിരുന്നു കിവി നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 32-ാം ഓവറിലെ അവസാന പന്തില്‍ ലാഥമിനൊപ്പം ഒത്തുചേര്‍ന്ന ടിം സൗത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തി. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സാണ് കിവീസ് സ്‌കോര്‍ ഇത്രയെങ്കിലുമെത്തിച്ചത്.
എട്ടുവിക്കറ്റിന് 106 എന്ന നിലയില്‍ നിന്നാണ് ലാഥമും സൗത്തിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 45 പന്തില്‍ ആറ് ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും അകമ്പടിയില്‍ സൗത്തി 55 റണ്‍സെടുത്തു. സൗത്തിയെ പുറത്താക്കി അമിത് മിശ്ര ഈ കൂട്ടുകെട്ട് പിരിച്ചു. പത്താം നമ്പറിലിറങ്ങി അര്‍ദ്ധസെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടവും ഇതോടെ സൗത്തിക്കു സ്വന്തം. 98 പന്തില്‍ 79 റണ്‍സ് നേടിയ ഓപ്പണര്‍ ടോം ലാഥം പുറത്താകാതെ നിന്നു. സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ ഇഷ് സോധിയെ (1) മിശ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ന്യൂസിലാന്‍ഡ് ഇന്നിങ്ങ്‌സിന് തിരശ്ശീല വീണു. കിവീസ് നിരയില്‍ 6 പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ആദ്യ ഏകദിനത്തിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് കിവീസിന്റെ ചിറകരിഞ്ഞത്. ഏഴ് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത്—മൂന്നു മുന്‍ നിര വിക്കറ്റാണ് പാണ്ഡ്യ എറിഞ്ഞിട്ടത്. അമിത് മിശ്രയും മുന്നു വിക്കറ്റുകള്‍ നേടി കിവീസ് പതനം വേഗത്തിലാക്കി. ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 20ന് ദല്‍ഹിയില്‍ രണ്ടാം മത്സരം.
സ്‌കോര്‍ ബോര്‍ഡ്
ന്യൂസിലാന്‍ഡ് ഇന്നിങ്ങ്‌സ്
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സി രോഹിത് ബി ഹാര്‍ദിക് 12, ടോം ലാഥം നോട്ടൗട്ട് 79, വില്ല്യംസണ്‍ സി മിശ്ര ബി ഉമേഷ് 3, റോസ് ടെയ്‌ലര്‍ സി ധോണി ബി ഉമേഷ് 0, കോറി ആന്‍ഡേഴ്‌സണ്‍ സി ഉമേഷ് ബി ഹാര്‍ദിക് 4, ലൂക്ക് റോഞ്ചി സി ഉമേഷ് ബി ഹാര്‍ദിക് 0, നീഷം സി&ബി കേദാര്‍ 10, സാന്റ്‌നര്‍ സി ധോണി ബി കേദാര്‍ 0, ബ്രെയ്‌സ്‌വെല്‍ സി രഹാനെ ബി മിശ്ര 15, ടിം സൗത്തി സി മനീഷ് പാണ്ഡെ ബി മിശ്ര 55, ഇഷ് സോധി എല്‍ബിഡബ്ല്യു ബി മിശ്ര 11, എക്‌സ്ട്രാസ് 11. ആകെ 43.5 ഓവറില്‍ 190ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-14, 2-29, 3-33, 4-43, 5-48, 6-65, 7-65, 8-108, 9-177, 10-190.
ബൗളിങ്ങ്: ഉമേഷ് യാദവ് 8-0-31-2, ഹാര്‍ദിക് പാണ്ഡ്യ 7-0-31-3, ജസ്പ്രീത് ബുംമ്‌റ 8-1-29-0, കേദാര്‍ ജാദവ് 3-0-6-2, അക്ഷര്‍ പട്ടേല്‍ 9-1-41-0, അമിത് മിശ്ര 8.5-0-49-3.
ഇന്ത്യന്‍ ഇന്നിങ്ങ്‌സ്
രോഹിത് ശര്‍മ്മ എല്‍ബി ബ്രെയ്‌സ്‌വെല്‍ 14, അജിന്‍ക്യ രഹാനെ സി റോഞ്ചി ബി നീഷം 33, വിരാട് കോഹ്‌ലി നോട്ടൗട്ട് 85, മനീഷ് പാണ്ഡെ സി വില്ല്യംസണ്‍ ബി സോധി 17, ധോണി റണ്ണൗട്ട് 21, കേദാര്‍ ജാദവ് പുറത്താകാതെ 0, എക്‌സ്ട്രാസ് 14. ആകെ 33.1 ഓവറില്‍ നാലിന് 194.
വിക്കറ്റ് വീഴ്ച: 1-49, 2-62, 3-102, 4-162.
ബൗളിങ്: സൗത്തി 9-0-57-0, ബ്രെയ്‌സ്‌വെല്‍ 8-2-44-1, നീഷം 6-0-40-1, സോധി 4-0-28-1, സാന്റ്‌നര്‍ 6-0-18-0
















