മോസ്‌കോ: യുഎസിലെ രാഷ്‌ട്രീയ, ഭരണ സംവിധാനങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതിനെച്ചൊല്ലി റഷ്യ-യുഎസ് വാക്ക് പോര് കടുക്കുന്നു. യുഎസ് അനാവശ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും മറുപടി നല്‍കുമെന്നും റഷ്യ പ്രതികരിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്‍ബിസിക്കു നല്‍കിയ അഭിമുഖമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. റഷ്യക്കു തിരിച്ചടി നല്‍കാന്‍ സിഐഎ ഒരുങ്ങിയെന്നും റഷ്യന്‍ നേതൃത്വത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി അവരെ അപമാനിക്കാന്‍ നീക്കം തുടങ്ങിയെന്നുമാണ് ബൈഡന്‍ പറഞ്ഞത്.
സിഐഎയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ റഷ്യ സജ്ജമെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മറുപടി ന ല്‍കി. യുഎസിന്റെ ഏതൊരു സൈബര്‍ ആക്രമ ണത്തെയും അതേ നാണയത്തില്‍ നേരിടുമെന്ന് ക്രെംലിന്‍ ഉദ്യോഗസ്ഥന്‍ യുറി ഉഷ്‌കോവും വ്യക്തമാക്കി. യുഎസ് ആരോപണങ്ങള്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ് നേരത്തെ നിരാകരിച്ചിരുന്നു.
ഇ മെയില്‍ ചോര്‍ത്തിയതിനു പിന്നില്‍ റഷ്യയെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമൊക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും ആരോപിച്ചിരുന്നു.
അതേസമയം, റിപ്പബ്ലിക്കിന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് റഷ്യയ്‌ക്ക് അനുകൂലമായാണ് സംസാരിച്ചത്. ഉക്രൈയിന്‍, സിറിയ സംഘര്‍ഷങ്ങളില്‍ വിരുദ്ധ നിലപാടാണ് റഷ്യയും യുഎസും സ്വീകരിച്ചത്. ഇതിനു തുടര്‍ച്ചയാണ് ഇപ്പോഴത്തെ സൈബര്‍ പോര്.
















