കാക്കനാട്: ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും തീരുമാനമായി. പി.ടി. തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, എഡിഎം സി.കെ. പ്രകാശ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു, കൗണ്‍സിലര്‍ എം.എം. നാസര്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
ഒഴിഞ്ഞു കിടക്കുന്ന സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് പോസ്റ്റില്‍ ആരെയും നിയമിച്ചിട്ടില്ല. ഗേള്‍സ് ഹോമിലെ മന:ശാസ്ത്രജ്ഞന്‍, ചൈല്‍ഡ് വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍, പാര്‍ട്ട് ടൈം നഴ്‌സ്, പാര്‍ട്ട് ടൈം സോഷ്യയോളജിസ്റ്റ് എന്നിവരെയും നിയമിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
സ്ഥാപനത്തിന്റെ പോരായ്‌മകള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. ആഹാരം, വസ്ത്രം, ചെരിപ്പ് എന്നിവ ലഭ്യമാക്കുന്നതോടൊപ്പം സൈക്കിളും, റേഡിയോയും കുട്ടികള്‍ക്ക് നല്‍കുവാനും തീരുമാനമായി. കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ബന്ധപ്പെട്ടവരുടെ നിരീക്ഷണം ഉണ്ടാകും.
കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളില്‍ കയറി കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. അന്നത്തെ അന്വേഷണത്തില്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണും.
32 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. അതില്‍ 6 കുട്ടികള്‍ പഠിക്കുന്നില്ല. പഠിക്കാന്‍ സൗകര്യം വേണമെന്നും വീട്ടില്‍ പോകുവാന്‍ അനുവദിക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ന്നു പഠിക്കുവാന്‍ അവസരം നല്‍കുമെന്നും, എന്നാല്‍ വീട്ടില്‍ പോകുവാന്‍ അനുവദിക്കണമെന്ന കുട്ടികളുടെ ആവശ്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്നും യോഗം വ്യക്തമാക്കി. ചില്‍ഡ്രന്‍സ് ഹോമിന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വേഷന്‍ ഹോം മാറ്റി സ്ഥാപിക്കുവാനും യോഗത്തില്‍ ധാരണയായി.
















