ധാക്ക: നാലു കൈകളും രണ്ടു തലയും രണ്ടു കാലുകളുമായി പിറന്ന നവജാത ശിശുക്കള്‍ ബംഗ്ലാദേശിലെ ധാക്ക മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. രണ്ടും പെണ്‍കുട്ടികളാണ്.
ശിശുപരിപാലന വിഭാഗത്തില്‍ പ്രത്യേക പരിചരണത്തിലാണ് കുട്ടികള്‍. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണപോലെ നടക്കുന്നതായി കുട്ടികളെ പരിപാലിക്കുന്ന നഴ്‌സ് നസീമ അക്തര്‍ ബ്യൂട്ടി പറഞ്ഞു. കര്‍ഷകനായ രാജു മിയായും ഷാഹിദാബീഗത്തിനും സപ്തംബര്‍ 28നാണ് ഈ അപൂര്‍വ്വ ശിശുക്കള്‍ പിറന്നത്. കുട്ടികളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
അതിനിടെ, അമേരിക്കയില്‍ ബ്രോന്‍ക്‌സിലെ മോണ്‍ടെഫോര്‍ ആശുപത്രിയില്‍, തല കൂടിച്ചേര്‍ന്ന നിലയില്‍ പിറന്ന ശിശുക്കളെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി.
20 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണിത് സാധിച്ചത്. 13മാസം പ്രായമായ അനിയാസിനും ജാദന്‍ മക്‌ഡൊണാള്‍ഡിനും ന്യൂറോസര്‍ജന്‍ ഡോ. ജെയിംസ് ഗൂഡ്‌റിച്ചാണ് പുതുജീവന്‍ നല്‍കിയത്.
പാതിവഴിയില്‍ ശസ്ത്രക്രിയ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയന്നതായി ഡോക്ടര്‍ പറഞ്ഞു. തലച്ചോറിലെ നാഡികള്‍ വേര്‍പെടുത്തല്‍ അത്രമാത്രം സങ്കീര്‍ണമായിരുന്നു.
















