കളമശേരി: ഏലൂര്‍ ഉദ്യോഗ മണ്ഡലിലെ ഫാക്ട് ഷോപ്പിംഗ് കോംപ്ലക്‌സിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊട്ടി വീഴുന്നതായി പരാതി ഇന്നലെ രാവിലെയും ഏതാനും ഭാഗങ്ങള്‍ കടകളിലേക്ക് വന്നവരുടെ തലയില്‍ വീണു. ഷോപ്പിംഗ് കോപ്ലക്‌സില്‍ മുപ്പതോളം കടകളാണ് ഫാക്ട് വാടകയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഫാക്ട് എസ്‌റ്റേറ്റ് വിഭാഗമാണ് വാടക കൈപ്പറ്റിയിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചുമതലയുള്ള ഫാക്ട് എസ്‌റ്റേറ്റ് വിഭാഗവും നഗരസഭയും തയ്യാറാവുന്നില്ലെന്ന് വ്യാപാരികളുടെ പരാതി. മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാല്‍ കെട്ടിടത്തിന് മുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. ഈ ഒരു നില കെട്ടിടത്തിന് മുകളില്‍ കാടാണ്.
കൂടാതെ വ്യാപാരശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവുമില്ല. നഗരസഭ പൊതുമരാമത്ത് വിഭാഗം ടോയ്റ്റുകള്‍ പണിയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമായില്ല. ഷോപ്പിംഗ് കോംപ്ലക്‌സിന് പുറത്ത് വഴിയോര വാണിഭം നടക്കുന്നതിനാല്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞ് വരുന്നതായി വ്യാപാരികള്‍ പരാതി പറയുന്നു. വടക്കുംഭാഗത്തേക്ക് പോകുന്ന ബസ് യാത്രക്കാരുടെ കാത്ത് നില്‍പ്പ് മേഖലകൂടിയാണീ ഷോപ്പിംഗ് കോംപ്ലക്‌സ്. കെട്ടിട ഭാഗങ്ങള്‍ വീഴുന്നത് ഇവരിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇരുപതോളം വ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്ന ഏലൂര്‍ മാര്‍ക്കറ്റിന്റെ സ്ഥിതിയും ഇത് തന്നെയാണ്. ചുമതലയുള്ള എസ്‌റ്റേറ്റ് വിഭാഗം ഇവിടേയ്‌ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇവിടെയുള്ള വ്യാപാരികളും പറയുന്നു. നേരിട്ട് ഫാക്ടില്‍ പരാതി പറയാനും വ്യാപാരികള്‍ക്ക് ഭയമാണ്. ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ഭീഷണിയാണത്രെ ഉള്ളത്.
















