അബൂജ: സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നന്ന ഭാര്യയുടെ മുന്നറിയിപ്പിന് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി രംഗത്ത്.
സ്ത്രീകളുടെ സ്ഥാനം അടുക്കളയിലാണ്. ‘എന്റെ ഭാര്യ ഐഷ ബുഹാരി ഏത് പാര്‍ട്ടിയിലാണെന്ന് എനിക്കറിയില്ല. പക്ഷെ അവള്‍ എന്റെ അടുക്കളയും സ്വീകരണമുറിയും മറ്റൊരു മുറിയുമാണ് അവളുടെ ലോകം-‘ ഇതായിരുന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ മറുപടി. തനിക്ക് ഭാര്യ ഐഷയെക്കാളും പ്രതിപക്ഷാംഗങ്ങളെക്കാളും അറിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജര്‍മന്‍ പ്രസിഡന്റ് ആഞ്ചല മെര്‍ക്കല്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു മുഹമ്മദ് ബുഹാരി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ബുഹാരിയുടെ മറുപടി ജര്‍മനിയില്‍ വിശദീകരിച്ച ദ്വിഭാഷിയുടെ വാക്കുകള്‍ കേട്ട് മെര്‍ക്കല്‍ പുഞ്ചിരിച്ചു.
എന്നാല്‍ ബുഹാരി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നൈജീരിയയിലെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ബുഹാരിയെ ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി. ഭര്‍ത്താവ് മുഹമ്മദ് ബുഹാരിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ് രാജ്യത്തുള്ളത്. സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ല.
താന്‍ നിയമിച്ച ഉദ്യോഗസ്ഥാര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ലെന്നും ഐഷ ബുഹാരി ആരോപിച്ചു. ഇതില്‍ ഒരു മാറ്റവുമില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നും ഐഷ ബുഹാരി വ്യക്തമാക്കി. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി അധികാരത്തിലേറിയത്.
ആര്‍ക്കെങ്കിലും വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് രാജ്യത്തിന് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത് എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലകൊള്ളുന്നത്. രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
















