അബൂജ: നൈജീരിയന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി രാജ്യത്തിന്റെ പ്രഥമവനിതയും പ്രസിഡന്റിന്റെ ഭാര്യയുമായ ഐഷ ബുഹാരി രംഗത്ത്. സ്വജനപക്ഷപാതവും അഴിമതിയും തുടര്‍ന്നാല്‍ അധികാരത്തില്‍ നിന്ന് പ്രസിഡന്റിനെ താഴേയിറക്കുമെന്ന് ഐഷ മുന്നറിയിപ്പ് നല്‍കി.
ബി.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐഷ ബുഹാരി തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നത്. ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ് രാജ്യത്തുള്ളത്. സര്‍ക്കാരിനു കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റിന് യാതൊരു അറിവുമില്ല. താന്‍ നിയമിച്ച ഉദ്യോഗസ്ഥാര്‍ ആരൊക്കെയാണെന്നു പോലും പ്രസിഡന്റിന് അറിയില്ലെന്നും ഐഷ ബുഹാരി ആരോപിച്ചു.ഇതില്‍ ഒരു മാറ്റവുമില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നും ഐഷ ബുഹാരി വ്യക്തമാക്കി.
അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി അധികാരത്തിലേറിയത്. ആര്‍ക്കെങ്കിലും വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് രാജ്യത്തിന് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത് എന്നാല്‍ ഇതെല്ലാം തെറ്റിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലകൊള്ളുന്നത്. രാജ്യത്തിന്റെ പോക്ക് ഈ വിധത്തിലാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ഐഷ ബുഹാരി അഭിമുഖത്തില്‍ വ്യക്തമാക്കി.
നൈജീരിയയുടെ രാഷ്‌ട്രീയ രംഗത്ത് സ്വാധീനമുള്ള വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഐഷ ബുഹാരി.
















