ചണ്ഡിഗഢ്: പ്രണയബന്ധം തകര്‍ന്നതിന് പ്രതികാരം ചെയ്യാന്‍ ഹരിയാനക്കാരി തെരഞ്ഞെടുത്തത് അപൂര്‍വ്വമായ വഴി. മുന്‍ കാമുകനെ കൂട്ട് പിടിച്ച് ഉപേക്ഷിച്ച കാമുകനെ ബോംബെറിഞ്ഞ് കൊല്ലാനായിരുന്നു പല്‍വല്‍ ജില്ലയിലെ ആരതി പദ്ധതിയിട്ടത്. പുറമെ കാമുകനെ തന്നില്‍ നിന്ന് അകറ്റിയ അറുപത്തഞ്ചുകാരനെ ഇവര്‍ കഴുത്തറുത്ത് കൊല്ലുകയും ചെയ്തു
2010 ലാണ് ഇവര്‍ രാകേഷ് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ടായിരുന്നു. എന്നാല്‍ അവരെ ഉപേക്ഷിച്ച് രാകേഷ് ആരതിയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ ആറ് വര്‍ഷത്തിന് ശേഷം ആരതിയെ ഉപേക്ഷിച്ച് രാകേഷ് സ്വന്തം ഭാര്യയ്‌ക്കൊപ്പം പോയി. ഇതാണ് ഇവരെ ചൊടിപ്പിച്ചത്. രാകേഷിന്റെ ഒരു ബന്ധുവായ ബാബുലാലിന്റെ ഉപദേശപ്രകാരമാണ് ഇയാള്‍ തിരിച്ച് പോയത്. ഇതാണ് ബാബുലാലിനെയും വകവരുത്താന്‍ ആരതിയെ പ്രേരിപ്പിച്ചത്.
ബാബുലാലിന്റെ കൊലപാതകത്തെക്കുറിച്ചുളള അന്വേഷണമാണ് ഒരു കാമുകിയുടെ കടുത്ത പ്രതികാരത്തിന്റെ കഥകളുടെ ചുരുളഴിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരതി(35)യെയും അവരുടെ മറ്റൊരു കാമുകനായിരുന്ന പ്രദീപ് എന്ന ദരോഗയെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
നാടന്‍ ബോംബുപയോഗിച്ച് കാമുകനെ വകവരുത്താനായിരുന്നു കാമുകിയുടെ തീരുമാനം. ഇതിനായാണ് പ്രദീപിന്റെ സഹായം തേടിയത്. ഷംഷാബാദ് കോളനിയിലെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നാടന്‍ ബോംബുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നാല് മണിക്കൂറോളമെടുത്ത് ഈ ബോംബുകള്‍ നിര്‍വീര്യമാക്കി. പതിനഞ്ച് ദിവസം മുമ്പാണ് ഈ ബോംബ് നിര്‍മിച്ചത്. പ്രദീപിന്റെ കൂട്ടുകാരിലൊരാള്‍ക്ക് പടക്കനിര്‍മാണത്തിനുളള ലൈസന്‍സ് ഉണ്ട്. ഇയാള്‍ പടക്കനിര്‍മാണം മണിക്കൂറുകളോളം നിരീക്ഷിച്ച ശേഷം സ്വന്തമായാണ് ബോംബ് നിര്‍മിച്ചത്. ഇവര്‍ ഇതിനു വേണ്ട സാമഗ്രികള്‍ എവിടെ നിന്ന് സംഘടിപ്പിച്ചു എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
ഈമാസം മൂന്നിനാണ് ബാബുലാലിനെ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്‍രെ മൃതദേഹം ഗുലാബാദ് ഗ്രാമത്തിലെ ഒരു കുഴല്‍ക്കിണറിന് സമീപമാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ അവസാനമായി കണ്ട ധരം പാലിന്റെ മൊഴിയാണ് അന്വേഷണം ആരതിയിലേക്ക് എത്തിച്ചത്. മൃതദേഹം കണ്ടെത്തിയതിന് അല്‍പ്പമകലെ ധരംപാലും ബോധരഹിതനായി കിടക്കുകയായിരുന്നു. ധരംപാലിനും ബാബുലാലിനും ഉറക്കഗുളിക കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം ബാബുലാലിനെ കൊന്ന ശേഷം കടന്നു കളയുകയായിരുന്നു.
പത്ത് കൊല്ലം മുമ്പ് വിവാഹ ശേഷമാണ് ആരതി പ്രദീപിനെ കണ്ടു മുട്ടുന്നത്. ഈ സൗഹൃദവും പ്രണയത്തിലെത്തി. തുടര്‍ന്ന് ആരതി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും പ്രദീപിനൊപ്പം പോകുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം രാകേഷിനെ കണ്ടുമുട്ടിയതോടെ ആ ബന്ധം അവസാനിച്ചു.
ഹരിയാനയിലും ഉത്തര്‍പ്രദേശിലുമായി പതിമൂന്ന് കേസുകള്‍ പ്രദീപിനെതിരെ നിലവിലുണ്ട്. ഇവയില്‍ നിരവധി കൊലപാതകങ്ങളും മോഷണങ്ങളും ഉള്‍പ്പെടുന്നു. ഇയാള്‍ ഇപ്പോഴും ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം അനുഭവിക്കുകയാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആരതിയുമായി ചേര്‍ന്ന് കൊല നടത്തിയതും മറ്റൊരു കൊലപാതകത്തിന് പദ്ധതി തയാറാക്കിയതും.
















