ചെന്നൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയളിതയെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഇന്ന് ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കും.
ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് ഇരുവരും ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ആരായും. തമിഴ്‌നാട് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും ഇരുവരോടുമൊപ്പം ഉണ്ടാകും.
ഇതിനിടെ മുഖ്യമന്ത്രിയുടെ താല്‍ക്കാലിയ ചുമതല ഒ. പനീര്‍ശെല്‍വത്തിന് നല്‍കികൊണ്ട് ഇന്നലെ രാത്രി ഗവര്‍ണറുടെ ഓഫീസ് വാര്‍ത്താ ക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന പരാതി ശക്തമായതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം അടക്കമുള്ള വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞമാസം 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ഡിഎംകെ അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു, നേരത്തെ അഴിമതി കേസില്‍ കോടതി ശിക്ഷിച്ചപ്പോഴും ജയിലില്‍ കഴിഞ്ഞപ്പോഴും പകരം മുഖ്യമന്ത്രി ആയത് ജയലളിതയുടെ വിശ്വസ്തനായ ഒ.പനീര്‍സെല്‍വമായിരുന്നു.
















