അഹമ്മദാബാദ്: കാര്‍ഗില്‍ യുദ്ധസമയത്ത് നിയന്ത്രണരേഖ കടക്കാന്‍ തയ്യാറായിരുന്ന സൈന്യത്തെ വിലക്കിയത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വി.പി. മാലിക്. ഇക്കാര്യത്തില്‍ മൂന്നുവട്ടം താന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹത്തിന്റെ നിലപാട് അതായിരുന്നുവെന്ന് മാലിക് പറഞ്ഞു. പിന്നീട് ആലോചിച്ചപ്പോള്‍ വാജ്‌പേയിയുടെ തീരുമാനം ശരിയായിരുന്നെന്ന് തനിക്ക് തോന്നിയതായി അദ്ദേഹം പറഞ്ഞു.
1999 ജൂണ്‍ രണ്ടിനാണ് സേനയോട് നിയന്ത്രണരേഖ കടക്കരുതെന്ന് വാജ്‌പേയി നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ നിയന്ത്രണരേഖ കടക്കരുതെന്നാണ് സേനയ്‌ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും എന്നാല്‍ നാളെത്തെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര ഇക്കാര്യത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞത്.
മിന്നലാക്രമണത്തെക്കുറിച്ച് ബിജെപിയും പ്രതിക്ഷ പാര്‍ട്ടികളും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന വാഗ്വാദത്തെക്കുറിച്ചും മാലിക് പരാമര്‍ശിച്ചു. ദേശീയ സുരക്ഷയെക്കുറിച്ച് അറിയാത്ത രാഷ്‌ട്രീയക്കാര്‍ അതിനെക്കുറിച്ച്‌സംസാരിക്കരുത്. ഈ വിഷയത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്.
പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ഇനിയും ഭാരതം രാജ്യാന്തര സമൂഹത്തോട് അപേക്ഷിക്കേണ്ടതില്ല. ഇനിയും പാക്കിസ്ഥാന്‍ ഇതു തുടര്‍ന്നാല്‍ ഭാരതം യുദ്ധത്തിന്റെ വഴിക്കു പോകുമെന്നാണ് അവരോട് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
















