കുമ്പളം: ബജറ്റില്‍ നൂറു കോടി അനുവദിച്ച നിര്‍ദിഷ്ട തേവര-കുമ്പളം പാലത്തിനു പൊതുമരാമത്ത് വിഭാഗം പ്രാഥമിക പരിശോധന നടത്തി. എംഎല്‍എമാരായ എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം എത്തിയ എന്‍ജിനീയറിങ് വിഭാഗം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പാലം കര്‍മസമിതി ഭാരവാഹികളായ വി.കെ. മുരളീധരന്‍, പി.എസ്. ഹരിദാസ്, ജോസഫ് പുന്നത്തറ എന്നിവരും സമിതി അംഗങ്ങളും ഉണ്ടായിരുന്നു.
തെക്കന്‍ ജില്ലയില്‍ ഉള്ളവര്‍ക്കടക്കം ഗതാഗത കുരുക്കില്‍ പെടാതെ പെട്ടെന്ന് നഗരത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ് തേവര-കുമ്പളം പാലം. ഈ പാലം യാഥാര്‍ഥ്യമായാല്‍ ബൈപാസും വൈറ്റിലയും ചുറ്റാതെ നാലു കിലോ മീറ്റര്‍ കൊണ്ട് എം.ജി. റോഡില്‍ എത്തിച്ചേരാനാകും. കൊച്ചി ബൈപാസിനും ഇടക്കൊച്ചി വഴി പോകുന്ന ദേശീയ പാതയ്‌ക്കും സമാന്തര മാര്‍ഗവുമാകും. കുമ്പളത്തിന്റേത് എന്നതു പോലെ കൊച്ചി നഗരത്തില്‍ അവികസിതമായി കിടക്കുന്ന തേവര ഭാഗത്തിന്റെ സമഗ്ര വികസനത്തിനും പദ്ധതി പ്രയോജനപ്പെടുമെന്നു സംഘം വിലയിരുത്തി. നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് കര്‍മ സമിതി ആവശ്യപ്പെട്ടു.
















