ടൊറന്റോ: സ്വയം അറ്റകുറ്റപ്പണി നടത്തുന്ന റോഡുമായി ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് പ്രൊഫ. നേംകുമാര്‍ ബന്തിയ. ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫസറാണ് നാഗ്പൂര്‍ സ്വദേശിയായ നേംകുമാര്‍.
അത്യാധുനിക സാങ്കേതിക വിദ്യയും വസ്തുക്കളും ഉപയോഗിച്ച് കക്ഷി റോഡ് നിര്‍മ്മിച്ചു. അതും കര്‍ണ്ണാടകത്തിലെ തോണ്ടെബാവി ഗ്രാമത്തില്‍. നിര്‍മ്മാണ എന്‍ജിനിയറിംഗും വസ്തു ശാസ്ത്രവും (മെറ്റീരിയല്‍ സയന്‍സ്) സംയോജിപ്പിച്ചുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ.
100 മില്ലീമീറ്റര്‍ കനം മാത്രമുള്ള റോഡിന്റെ പണിക്ക് കൂടുതലും ഫ്‌ളൈ ആഷാണ് ഉപയോഗിച്ചത്. അങ്ങനെ സിമന്റ് 60 ശതമാനം കുറച്ചു.
പൊട്ടലും ചെറിയ കുഴികളും സ്വയം അടയാനുള്ള സംവിധാനവുമുണ്ട് ഇതില്‍. നല്ല ബലമുള്ള കോണ്‍ക്രീറ്റില്‍ നാനോ കോട്ടിംഗുള്ള നാരുകളുണ്ട്. ഇത് വെള്ളം വലിച്ചെടുത്ത് സൂക്ഷിക്കും. അത് എപ്പോഴും റോഡില്‍ നനവ് ഉണ്ടാക്കും. അതിനാല്‍ ചെറിയ പൊട്ടലും കുഴിയുമുണ്ടായാല്‍ ഉടന്‍ അത് അടയും.

നേംകുമാര്‍
നാനോ ഫെബര്‍
ജലാംശം പിടിച്ചെടുക്കുന്ന പ്രത്യേക തരം പൂശലുള്ള നാരുകളാണ് ഇവ. ചൂടിലും ഇവയിലെ ജലാംശം നഷ്‌പ്പെടില്ല. പൊട്ടലുണ്ടായാല്‍ ഈ ജലാംശമാകും അത് പരിഹരിക്കാന്‍ ഉപയോഗിക്കുക. ജലാംശം പൂര്‍ണ്ണമായും നഷ്ടപ്പെടുമ്പോഴാണ് കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീഴുക. ജലാംശം നഷ്ടപ്പെട്ട് പൊട്ടലുണ്ടാകും മുന്‍പു തന്നെ നാരുകളിലെ ജലാംശം കോണ്‍ക്രീറ്റില്‍ ലഭ്യമാകും. മഴവെള്ളവും ഇത് പിടിച്ചുവയ്‌ക്കും.
ഇത്തരം റോഡുകള്‍ 15 വര്‍ഷം വരെ ഈടു നില്‍ക്കുമത്രെ.നിലവിലുള്ള ഗ്രാമീണറോഡുകള്‍ക്ക് രണ്ടോ മൂന്നോ വര്‍ഷമാണ് കാലാവധി, സിമന്റ് അടക്കമുള്ളവ കുറച്ചുമതി. അതിനാല്‍ ചെലവും കുറവാണ്. കര്‍ണ്ണാടത്തിലുണ്ടാക്കിയ മാതൃകയിലുള്ള റോഡ് ഹരിയാനയിലും മധ്യപ്രദേശിലും പണിയാനൊരുങ്ങുകയാണ് നേംകുമാര്‍. കേന്ദ്ര റോഡ് മന്ത്രാലയം നേംകുമാറിനെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചുകഴിഞ്ഞു. ഇത്തരം റോഡുകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപകാരപ്രദമാണ്.
















