ന്യൂദല്‍ഹി: രാജ്യത്തിന് ഈ വര്‍ഷത്തെ വിജയദശമി ആഘോഷം ഏറെ സവിശേഷതയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് ഭീകരര്‍ക്കെതിരായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം. തിന്മക്കെതിരെ നന്മ നേടിയ വിജയമാണ് വിജയദശമിയുടെ സന്ദേശം.
ശക്തമായ രാജ്യത്തിന് ശക്തമായ സൈന്യം അനിവാര്യമാണെന്നും ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദീനദയാല്‍ ഉപാധ്യായയുടെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം നിര്‍വ്വഹിച്ച് മോദി പറഞ്ഞു. മോദിയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ”ശക്തരാവുക എന്നത് ആരെയും ആക്രമിക്കാനല്ല. ശക്തി പ്രകടിപ്പിച്ചാല്‍ അയല്‍ക്കാര്‍ നമ്മെ ആക്രമിക്കില്ല. എന്റെ ആരോഗ്യം സംരക്ഷിക്കാനാണ് ഞാന്‍ വ്യായാമം ചെയ്യുന്നത്” പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി വ്യക്തമാക്കി.
സാധാരണ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ബിജെപിയെ കോണ്‍ഗ്രസ്സിന് ബദലായി അധികാരത്തിലേറ്റിയത് ദീനദയാല്‍ ഉപാധ്യായയുടെ ആദര്‍ശമാണെന്നും മോദി അഭിപ്രായപ്പെട്ടു. ലാളിത്യമാണ് ദീനദയാല്‍ എന്ന പേരിനൊപ്പം ഓര്‍മയിലെത്തുന്നത്. പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രേരണയുമാണ് അദ്ദേഹം. ദീനദയാലിനെ മാതൃകയാക്കുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് പ്രധാന്യം നല്‍കി. ദീനദയാലിന്റെ ദര്‍ശനങ്ങളാണ് മോദി സര്‍ക്കാരിന്റെ പിന്തുടരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി ചടങ്ങില്‍ സംബന്ധിച്ചു.
















